ഇസ്രായേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും സംസാരിച്ചു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ഫോണിലൂടെയാണ് സംസാരിച്ചത്.
ഉഭയകക്ഷി സഹകരണ ബന്ധത്തിലും പൊതു താൽപര്യമുള്ള നിരവധി സംരംഭങ്ങളുമായി ബന്ധപ്പെട്ടും ഇരു രാജ്യങ്ങളും ചർച്ച നടത്തിയതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസതാവനയിൽ അറിയിച്ചു. അതേസമയം ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും പശ്ചിമേഷ്യയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്തതായി ജയ്ശങ്കറും എക്‌സ് അക്കൗണ്ടിൽ (ട്വിറ്റർ) കുറിച്ചു.