ഒമാന്‍റെ 53ാം ദേശീയദിനാഘോഷം ഈ വർഷം പരിമിതപ്പെടുത്താൻ തീരുമാനിച്ചു. ഇസ്രായേൽ പലസ്തീനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗസ്സ മുനമ്പിലെ പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ആഘോഷങ്ങൾക്ക് പൊലിമ കുറച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉന്നത രക്ഷാകർതൃത്വത്തിൽ നടക്കുന്ന പതാക ഉയർത്തുന്നതിലും സൈനിക പരേഡിലും മാത്രമായി ആഘോഷങ്ങൾ ചുരുങ്ങുമെന്ന് ദേശീയ ആഘോഷങ്ങൾക്കായുള്ള ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു. നവംബർ 18നാണ് ഒമാൻ ദേശീയ ദിനം കൊണ്ടാടുന്നത്.