ഒമാനിലെ ഏറ്റവും വലിയ മൃഗശാലയായ ‘സഫാരി വേൾഡ്’ സന്ദർശകർക്കായി തുറന്നു. പ്രത്യേക പ്രവേശന നിരക്കുമായാണ് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്ര വിലായത്തിലെ സന്ദർശകർക്കായി സഫാരി പാർക്ക് തുറന്നു കൊടുത്തത്. ആയിരക്കണക്കിന് ആളുകളാണ് ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച മൃഗശാലയിലെത്തിയത്.
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് സഫാരി വേൾഡ് മാനേജ്മെന്റ് പ്രത്യേക പ്രവേശന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ പ്രായക്കാർക്കും മൂന്ന് റിയാലായിരിക്കും പ്രവേശന ഫീസായി ഈടാക്കുക. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മൃഗശാലയുടെ ആദ്യ ഘട്ടം പൂർത്തീകരിച്ച് 1,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ഥലത്തിന്റെ ഉദ്ഘാടനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
2,86,000 ചതുരശ്ര മീറ്ററിൽ ആണ് സഫാരി വേൾഡ് വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ടൂറിസം മേഖലയ്ക്ക് പുതിയൊരു കൂട്ടിച്ചേർക്കലാണ് ഈ മൃഗശാല. കടുവയും സിംഹവും മുതൽ മാനുകളും മറ്റ് പക്ഷികളും ഉൾപ്പെടെ 300 ഓളം മൃഗങ്ങൾ പുതിയ മൃഗശാലയിൽ സജ്ജമാക്കിയിട്ടുണ്ട്. ഒമാൻ, ജി.സി.സി, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അപൂർവവും മനോഹരവുമായ നിരവധി മൃഗങ്ങളെ ഇതിനകം മൃഗശാലയിൽ എത്തിച്ചിട്ടുണ്ട്. മൃഗങ്ങളെയും പക്ഷികളെയും ഉൾക്കൊള്ളുന്ന രാജ്യത്തെതന്നെ ഏറ്റവും വലിയ മൃഗശാലകളിലൊന്നാണ് സഫാരി വേൾഡ്.