ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളിൽ പണമിടപാടുകൾ നടത്തുന്നതിന് ഇ-പേമെന്റ് സംവിധാനം ഏർപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് നടപടി ശക്തമാക്കി അധികൃതർ. മസ്കത്ത് ഗവർണറേറ്റിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 444 കേസുകൾ രജിസ്റ്റർ ചെയ്തതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. നിരവധി കടകളിൽ ഇ-പേമെന്റ് സംവിധാനം ലഭ്യമല്ല. ഇതുമായി ബന്ധപ്പെട്ട് ആളുകൾ സമൂഹമാധ്യമങ്ങളിൽ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തിയത്.
2022 ജനുവരിയിലാണ് വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേമെന്റ് സംവിധാനം ഏർപ്പെടുത്തണമെന്ന നിയമം അധികൃതർ നടപ്പാക്കിയത്. ഇതനുസരിച്ച് പല സ്ഥാപനങ്ങളും ഇ-പേമെൻറ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതുവരെയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെയാണ് നടപടികൾ എടുക്കുന്നത്.
സ്വർണം-വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റസ്റ്റാറൻറുകൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കഫേകൾ, ഫുഡ് സ്റ്റഫ് സ്ഥാപനങ്ങൾ, പച്ചക്കറി പഴവർഗ വ്യാപാര സ്ഥാപനങ്ങൾ, കെട്ടിട നിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ,പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലാണ് ഇ-പേമെൻറ് സംവിധാനം നടപ്പാക്കിയത്. എന്നാൽ നിലവിൽ ചെറുകിട സ്ഥാപനങ്ങളിൽ ഇ-പേമെൻറ് സംവിധാനം നടപ്പിലാക്കിയിട്ടില്ല.
ഇത് നടപ്പിലാക്കുന്നത് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം അധികൃതർ നടപടി സ്വീകരിക്കുന്നത്. അതേസമയം വ്യാപാരികൾക്ക് ഇ- പേമെന്റ് സംവിധാനത്തിനുള്ള ഉപകരണം വാങ്ങുന്നതിനുള്ള വെല്ലുവിളികൾ മറികടക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇത് വേഗത്തിൽ ലഭ്യമാക്കാൻ ബാങ്കുകളുമായും കമ്പനികളുമായും ഏകോപനം നടക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.