2024ലെ ഒമാന്റെ ബജറ്റിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി. ഈ വർഷത്തെ വരുമാനം ഏകദേശം 11 ശതകോടി റിയാലാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 9.5 ശതമാനം കൂടുതലാണ്. മൊത്തം പൊതുചെലവ് ഏകദേശം 11.650 ശതകോടി റിയാലായും കണക്കാക്കുന്നു.
എണ്ണ വില ശരാശരി ബാരലിന് 60 യു.എസ്. ഡോളർ കണക്കാക്കിയാണ് ധനകാര്യമന്ത്രാലയം ബജറ്റ് തയാറാക്കിയിരിക്കുന്നത്. രാജ്യത്ത് ഈ വർഷവും ഇന്ധന വില വർധിപ്പിക്കില്ല. 2021 ഒക്ടോബറിൽ നിശ്ചയിച്ച പ്രകാരമുള്ള നിരക്ക് തന്നെയായിരിക്കും ഈ വർഷവും തുടരുകയെന്ന് ധനമന്ത്രി സുൽത്താൻ സലിം അൽ ഹബ്സി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2013, 14 വർഷങ്ങളിലെ സർക്കാർ ജീവനക്കാരുടെ പ്രമോഷനുകൾക്കായി 60 ദശലക്ഷം റിയാൽ അനുവദിച്ചിട്ടുണ്ട്. ഇത് ഏകദേശം 52,000 ജീവനക്കാർ വരും. 2013ലെ സീനിയോറിറ്റിയിലുള്ള ജീവനക്കാർക്ക് ചൊവ്വാഴ്ച മുതൽ സ്ഥാനക്കയറ്റം നൽകും. 2014ലെ സീനിയോറിറ്റിയിലുള്ള ജീവനക്കാർക്കുള്ള സ്ഥാനക്കയറ്റം അടുത്ത ജൂലൈ മുതലും നൽകുമെന്നും മന്ത്രി പറഞ്ഞു . 2024 ബജറ്റ് ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വിപുലീകരിക്കാനും സാമൂഹിക സംരക്ഷണ ഫണ്ട് ശാക്തീകരിക്കാനും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സേവനങ്ങളിലെ ചെലവുകളുടെ നിലവാരം നിലനിർത്താനും ലക്ഷ്യമിടുന്നതാണെന്ന് ധനമന്ത്രി സുൽത്താൻ സലിം അൽ ഹബ്സി വിശദീകരിച്ചു.