ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഉംറ നിർവഹിക്കാനായി നിരവധി പാക്കേജുകൾ അവതരിപ്പിച്ച് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം ആരംഭിച്ച ‘നുസുക്’ ഡിജിറ്റൽ പ്ലാറ്റ്ഫോം. തീർഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും മക്കയിലും മദീനയിലും എത്തുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിനുമാണ് പാക്കേജുകൾ ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
830 സൗദി റിയാൽ (222 ഡോളർ) മുതൽ തുടങ്ങുന്നതാണ് പാക്കേജ് നിരക്കുകൾ. സന്ദർശക വിസ ഫീസ്, ഇൻഷുറൻസ് ചാർജ്, അഞ്ച് രാത്രി മക്കയിൽ താമസിക്കുന്നതിനുള്ള ചെലവ്, ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്നും താമസ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രകള്‍ എന്നിവ ഉൾപ്പടെയാണ് പാക്കേജ്. സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര ടിക്കറ്റുകൾ, ഭക്ഷണം, മറ്റ് വ്യക്തിഗത ചെലവുകൾ എന്നിവ പാക്കേജില്‍ ഉൾപ്പെടുന്നില്ല.
മക്കയ്ക്കും മദീനക്കുമിടയിൽ സർവീസ് നടത്തുന്ന ഹറമൈൻ എക്സ്പ്രസ് ട്രെയിൻ യാത്രാ സമയം അറിയാനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സഹായിക്കാൻ അവരുടെ വെബ്സൈറ്റ് ലിങ്കും ‘നുസുക്’ പ്ലാറ്റ്ഫോമിൽ ചേർത്തിട്ടുണ്ട്. ഒക്ടോബർ 10നാണ് ഹജ്ജ് ഉംറ മന്ത്രാലയം ‘നുസുക്’ എന്ന പേരിൽ പരിഷ്കരിച്ച ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ഹജ്ജും ഉംറയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും വിവരങ്ങളും പ്ലാറ്റ്ഫോമിലൂടെ ലഭ്യമാണ്.