മസ്ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ ചിറകിന് തീപിടിച്ചു. ഇന്നുച്ചയോടെ മസ്ക്കറ്റ് വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. വിമാനം പുറപ്പെടാൻ തയാറാകുമ്പോഴാണ് എഞ്ചിൻ നമ്പർ രണ്ടിലെ ചിറകില്‍ നിന്ന് തീയും പുകയും ഉയർന്നത്. എമര്‍ജന്‍സി ഡോര്‍ വഴി ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ ഒഴിവായത് വൻ അപകടം ആണെന്നാണ് എയർലൈൻ വൃത്തങ്ങൾ നൽകുന്ന വിവരം.
141 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിൽ സമയോചിതമായി രക്ഷാപ്രവർത്തനം നടത്തിയതിനാൽ ആര്‍ക്കും പരിക്കുകളില്ലാതെ രക്ഷപെടുകയാണുണ്ടായത്. കൊച്ചിയിലേക്കുള്ള യാത്ര മുടങ്ങാതിരിക്കാൻ എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അന്വേഷണത്തിനു ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.