ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയില്‍. അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാനുമായി കൂടിക്കാഴ്ച നടത്തും. സെപ കരാറുൾപ്പടെ നിര്‍ണായക വിഷയത്തില്‍ ചര്‍ച്ചകളും നടക്കും. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീർ അടക്കമുള്ളവർ അദ്ദേഹത്തെ വിമാനത്താവളത്തിൽ വരവേൽക്കും.
ഇന്ത്യ – യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നരേന്ദ്രമോദിയുടെ സന്ദര്‍ശനം. പ്രാവാചക നിന്ദ പരാമര്‍ശത്തില്‍ ഇന്ത്യയുടെ നിലപാട് മോദി യുഎഇ പ്രസിഡന്‍റിനെ ധരിപ്പിക്കും. അന്താരാഷ്ട്ര തലത്തലില്‍ ചര്‍ച്ചയായ വിഷയത്തില്‍ യുഎഇ അപലപിച്ച പശ്ചാത്തലത്തിലാണ് മോദിയുടെ നീക്കങ്ങൾ. ഒപ്പം ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ ഇന്ത്യയുടെ അനുശോചനവും പുതിയ പ്രസിഡന്റിനുളള ആശംസയും മോദി നേരിട്ട് അറിയിക്കും.
പ്രധാനമന്ത്രിയായ ശേഷം മോദി മൂന്ന് തവണയാണ് യുഎഇ സന്ദര്‍ശിച്ചത്. 2019ലാണ് അവസാനം എത്തിയത്. ഒടുവിൽ സന്ദർശനത്തിനെത്തിയപ്പോൾ യുഎഇയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്` നൽകി പ്രധാനമന്ത്രിയെ യുഎഇ ആദരിച്ചിരുന്നു. 2015ലെ സന്ദര്‍ശന വേളയില്‍ മോദി ദുബായില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനയും ചെയ്തിരുന്നു. അതേസമയം ഏക ദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് രാത്രി തന്നെ മോദി ഇന്ത്യയിലേക്ക് മടങ്ങും.