ചൂട് കൂടിയതോടെ പുറം ജോലികൾക്ക് ഏര്‍പ്പെടുത്തിയ സമയ നിബന്ധന
ഒമാനിലും ഖത്തറിലും പ്രാബല്യത്തില്‍ വന്നു. ഒമാനില്‍ ഓഗസ്റ്റ് അവസാനം വരെയും ഖത്തറില്‍ സെപ്റ്റംബര്‍ 15 വരെയുമാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുക.
ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയാണ് ഒമാനിലെ ഉച്ചവിശ്രമ സമയം. നിബന്ധന അനുസരിച്ച് നിര്‍മ്മാണ സ്ഥലങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിക്കരുതെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. തൊഴില്‍ നിയമത്തിലെ 16-ാം അനുച്ഛേദം പ്രകാരമാണ് നടപടി.
വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്ക് 100 മുതല്‍ 500 റിയാല്‍ വരെ പിഴ ഈടാക്കും. ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും ശിക്ഷാപരിധിയിലുണ്ട്.
തൊഴിലാളികൾക്ക് പരാതി നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഖത്തറില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3. 30 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളത്. ഖത്തര്‍ ലേബര്‍ ഇന്സ്പെക്ഷന് വിഭാഗം ജോലിസ്ഥലങ്ങളില്‍ ബോധവത്കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്. പതിവിന് വിപരീതമായി ജൂണ്‍ ആദ്യം മുതല്‍ത്തന്നെ ഗൾഫ് മേഖലയില്‍ ചൂടേറുകയാണ്.