ആരോഗ്യമേഖലയിൽ കൂടുതൽ വിദേശികളെ ഉൾപ്പെടുത്താനുളള നീക്കവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം.രാജ്യത്തെ പ്രധാന ആശുപത്രികളുടെ വിപുലീകരണവും വര്‍ധിച്ചുവരുന്ന ആരോഗ്യ ചിക്തിസാ സേവനങ്ങളിലെ ആവശ്യകതയും കണക്കിലെടുത്താണ് തീരുമാനം. ഇതിൻ്റെ ഭാഗമായി കൂടുതൽ വിദേശ ഡോക്ടർമാർക്കും നഴ്സുമാർക്കും അവസരം ഒരുക്കും.
ഇന്ത്യയിൽനിന്നും റിക്രൂട്ട്മെൻ്റ് ഉണ്ടാകുമെന്നാണ് സൂചന. നിലവില്‍ ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരില്‍ അമ്പത് ശതമാനത്തിൽ അധികവും വിദേശികളാണ്. 38,549 വിദേശികള്‍ കുവൈത്ത് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.നേരത്തെ ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിദഗദ്ധരായവരുടെ അഭാവത്തിൽ തീരുമാനം റദ്ദാക്കുകയായിരുന്നു.
പാകിസ്താൻ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുമെന്ന് സൂചനകളും നിലവിലുണ്ട്. സമാന്തരമായി സ്വദേശികളെ പരിശീലിപ്പിക്കുന്നതിനുളള നടപടികളും ആരോഗ്യമന്ത്രാലയം സ്വീകരിച്ചുവരികയാണ്.