കുവൈറ്റിലെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും പ്രവാസി തൊഴിലാളികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള തൊഴിൽ രംഗത്തെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ട് നിയോഗിച്ച സ്വകാര്യ അക്കാദമിക് ബോഡികളുടെ ഉപദേശക റിപ്പോർട്ട് സർക്കാരിന് ലഭിച്ചു.
രാജ്യത്ത് അവിദഗ്ധരായ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, പ്രവാസികൾക്ക് ക്വാട്ട നടപ്പാക്കുക തുടങ്ങിയ നിരവധി നിർദ്ദേശങ്ങളും ശുപാർകളും റിപ്പോർട്ടിലുണ്ട്. പ്രവാസി ക്വാട്ട സ്വദേശികളുടെ എണ്ണത്തിൻ്റെ 25% കവിയാതിരിക്കാൻ ഓരോ രാജ്യത്തിനും പരിധി നിശ്ചയിക്കണമെന്നാണ് നിർദ്ദേശം. നിർദേശങ്ങൾ മന്ത്രി സഭയിലേക്ക് അയച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രവാസികൾക്ക് കുവൈറ്റിൽ താമസിക്കാനുള്ള സമയപരിധി നിശ്ചയിക്കുന്നത് തൊഴിൽ മേഖലയിൽ ഫലപ്രദമായ ഇടപെടലിന് വഴിയൊരുക്കുമെന്നും നിർദ്ദേശമുണ്ട്. 60 വയസ്സ് കഴിഞ്ഞവർക്ക് (യൂണിവേഴ്സിറ്റി ബിരുദങ്ങളില്ലാതെ) അനുവദിച്ച സൗകര്യങ്ങൾ സംബന്ധിച്ചും മാൻപവർ അതോറിറ്റി അവലോകനം ചെയ്യുകയാണ്. അറുപത് വയസ്സിന് മുകളിലുള്ളവർക്ക് (കോളേജ് ബിരുദം ഇല്ലാത്തവർ) സ്വകാര്യ മേഖലയിലേക്ക് മാറാൻ അനുവദിച്ചുകൊണ്ട് വർക്ക് പെർമിറ്റ് നേടുന്നതിന് മാൻപവർ അതോറിറ്റി നേരത്തെ തീരുമാനം പുറപ്പെടുവിച്ചിരുന്നു.
മറ്റ് പല ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളെയും പോലെ കുവൈത്തും തൊഴിൽ മേഖല ശക്തിപ്പെടുത്താൻ വിദേശ തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. ജനസംഖ്യയുടെ 70 ശതമാനത്തോളം പ്രവാസികളാണ്. അതുകൊണ്ടുതന്നെ ജനസംഖ്യാ അസന്തുലിതാവസ്ഥയും പൊതു സേവനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും ഉണ്ടാകുന്ന ആഘാതവും ആശങ്കകൾ നിറയ്ക്കുന്ന പശ്ചാത്തലത്തിലാണ് പഠനത്തിനായി അക്കാദമിക് ബോഡികളെ നിയോഗിച്ചത്.