അബുദാബിയിൽ ഇനി വിവാഹം രജിസ്റ്റർ ചെയ്യാൻ ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യമില്ല. വിവാഹം നടന്ന ഉടൻ കരാർ ഡിജിറ്റലായി നൽകും. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റാണ് പുതിയ സേവനത്തിന് തുടക്കം കുറിച്ചത്. വിവാഹം നടന്ന ഉടൻ ഡിജിറ്റൽ വിവാഹ കരാറുകൾ ഇരുവരുടെയും മൊബൈലിലേക്കും ഇ-മെയിലിലേക്കും കൈമാറുന്ന സംവിധാനമാണ് ആരംഭിച്ചത്.
അബുദാബി എന്ന ഹൈടെക് നഗരത്തിൽ എല്ലാ സേവനങ്ങളും ഡിജിറ്റലാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണ് നടപടി. മൊബൈലിലേക്കും ഇ-മെയിലിലേക്കും എത്തുന്ന കരാർ അംഗീകൃത ഇലക്ട്രോണിക് ചാനലുകളിലൂടെ ഡൗൺലോഡ് ചെയ്ത് എടുക്കാനും സാധിക്കും. ആദ്യമായാണ് അബുദാബിയിൽ തത്സമയം ഡിജിറ്റൽ വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് എഡിജെഡി അണ്ടർ സെക്രട്ടറി യുസഫ് സഈദ് അൽ അബ്രി പറഞ്ഞു.
ഇത്തരത്തിലുള്ള ഡിജിറ്റൽ വിവാഹ കരാർ സേവനത്തിനായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റിൻ്റെ വെബ്സൈറ്റിൽ യുഎഇ പാസ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. തുടർന്ന് അപ്പോയിൻമെൻ്റ് ബുക്ക് ചെയ്യാനും സാധിക്കും. പിന്നീട് അനുയോജ്യമായ സമയത്ത് വീഡിയോ കോൾ വഴി വിവാഹ സെഷൻ തിരഞ്ഞെടുക്കുകയും ചെയ്യാം. വിവാഹ നടപടി പൂർണമായാൽ ഡിജിറ്റൽ കരാർ ഉടൻ ലഭ്യമാകും.