സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഗോ ഫസ്റ്റ് എയർലൈൻസ് വിമാനങ്ങൾ റദ്ദാക്കി. മെയ് മൂന്ന് , നാല് , അഞ്ച് ദിവസങ്ങളിലെ സർവീസുകളാണ് കമ്പനി റദ്ദാക്കിയത്. ഇന്ധന കമ്പനികൾക്കു നൽകേണ്ട കുടിശ്ശിക ദിനം പ്രതി വർദ്ധിക്കുന്നതിനെ തുടർന്നാണ് സർവീസുകൾ നിർത്താനുള്ള തീരുമാനം എടുത്തതെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. കൂടാതെ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെറ്റ് എഞ്ചിൻ നിർമ്മാതാക്കളായ പ്രാറ്റ് ആൻഡ് വിറ്റ്‌നി എഞ്ചിനുകൾ വിതരണം ചെയാതിരുന്നതും റദ്ദാക്കലിന് കാരണമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന എയർലൈൻസ് ആണ് ഗോ ഫസ്റ്റ്. വിമാനങ്ങൾ റദ്ദാക്കാനുള്ള ഇവരുടെ തീരുമാനം പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയൊരു തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ അബുദാബിയിലേക്കും ദുബായിലേക്കുമായി ഗോ ഫസ്റ്റിൽയാത്ര ചെയ്യേണ്ട നിരവധി പേർക്ക് മറ്റ് വിമാനങ്ങളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നുണ്ട്. എന്നാൽ അവസാന മിനിറ്റിൽ ടിക്കറ്റുകൾ റദ്ദാക്കിയ എയർലൈൻസിന്റെ നടപടിയ്ക്ക് എതിരെ കടുത്ത പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
പ്രാറ്റ് ആൻഡ് വിറ്റ്‌നിയുമായുള്ള പ്രശ്‌നങ്ങൾ മൂലം ഗോ ഫസ്റ്റിന്റെ പകുതിയിലേറെ വിമാന സർവീസുകളും പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കൂടാതെ ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്ററിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഗോ ഫസ്റ്റിന്റെ വിപണി വിഹിതം ജനുവരിയിൽ രേഖപ്പെടുത്തിയിരുന്ന 8.4 ശതമാനത്തിൽ നിന്നും മാർച്ചിൽ 6.9 ശതമാനമായി ഇടിയുകയും ചെയ്തിരുന്നു.