2023-ലെ കോപ് 28 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നവർക്കായുള്ള യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച അറിയിപ്പുമായി ദുബായ് ആർടിഎ. പ്രതിനിധിസംഘാംഗങ്ങൾ, സന്ദർശകർ തുടങ്ങിയവർക്കായി മെട്രോ, ഹൈബ്രിഡ് ടാക്സി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ടുള്ള പൊതുഗതാഗത സർവീസുകളാണ് നടപ്പിലാക്കുന്നത്. ദുബായ് എക്സ്പോ സിറ്റിയിൽ നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് കോപ് 28 കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
യുഎഇ സ്പെഷ്യൽ എൻവോയ് ഫോർ ക്ലൈമറ്റ് ചേഞ്ച് ഓഫീസ്, എക്സ്പോ സിറ്റി ദുബായ് എന്നിവയുമായി സഹകരിച്ചാണ് ആർടിഎ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നത്. കോപ് 28 വേദിയിലേക്ക് ദുബായ് മെട്രോ സേവനങ്ങൾ ഉപയോഗിച്ച് എത്താൻ സാധിക്കുമെന്നും ഈ കാലയളവിൽ രാവിലെ 5 മണി മുതൽ രാത്രി 1 മണി വരെ മെട്രോ സേവനങ്ങൾ ലഭ്യമാക്കുമെന്നും ആർടിഎ അറിയിച്ചു. കൂടാതെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് സെന്റർപോയിന്റ്, എത്തിസലാത്, ജബൽ അലി തുടങ്ങിയ മെട്രോ സ്റ്റേഷനുകളിലെ സൗജന്യ മൾട്ടി-ലെവൽ പാർക്കിങ്ങും ഉപയോഗിക്കാൻ സാധിക്കും.
ഇതിന് പുറമെ എക്സ്പോ സിറ്റിയിലേക്ക് സഞ്ചരിക്കുന്നവർക്കായി ഹൈബ്രിഡ് ടാക്‌സികളും ഇലക്ട്രിക് ലക്ഷ്വറി വാഹനങ്ങളും ലഭ്യമാക്കും. എക്സ്പോ സിറ്റി ദുബായിലെ നാല് സ്റ്റോപ്പുകളിലേക്ക് സർവീസ് നടത്തുന്ന 67 ബയോ-ഫ്യുവൽ ബസുകളും, 10 ഇലക്ട്രിക് ബസുകളും സർവ്വീസ് നടത്തും. കൂടാതെ ഉച്ചകോടിയുടെ വേദിയിലേക്ക് പ്രതിനിധിസംഘാംഗങ്ങളെ എത്തിക്കുന്നതിനായി ജെബിആർ, മാൾ ഓഫ് ദി എമിറേറ്റ്സ്, ഇബ്ൻ ബത്തൂത്ത തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ നിന്ന് പുതിയ ബസ് റൂട്ടുകളും ആരംഭിക്കും. സ്വകാര്യ വാഹനങ്ങളിലെത്തുന്നവർക്ക് വേദി തിരിച്ചറിയുന്നതിനായി ദിശാസൂചികകളും വിവിധ സ്ഥലങ്ങളിൽ ആർടിഎ സ്ഥാപിച്ചിട്ടുണ്ട്.