ഖത്തറിലെ പ്രധാന കായിക മേളയായ ഉറീഡു ദോഹ മാരത്തൺ 2023 ജനുവരി 20ന് നടക്കും. ഖത്തർ അത്‌ലറ്റിക് ഫെഡറേഷൻ്റെ പങ്കാളിത്തത്തോടെ നടക്കുന്ന മാരത്തൺ അംബാസഡർ ഒളിംപ്യൻ മുതാസ് ബർഷിമാണ്. 80ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.
മൊറോക്കോയുടെ മൊഹ്‌സിൻ ഔത്‌ലഹ, എത്യോപ്യയുടെ യൊഹൻസ് മെകാഷ, ഹിരിബോ ഷാനോ, അബിയോട് അബിനെറ്റ്, വനിതാ താരം എബ്‌സിതെ തിലഹുൻ, ബഹ്‌റൈൻ താരം ഡെസിജിസ മൊകോനിൻ എന്നിവർ പങ്കെടുക്കും. സ്വദേശികൾക്ക് അൽ അദാം വിഭാഗത്തിലാണ് മത്സരം.
അൽ ബിദ പാർക്കിലെ മാരത്തൺ റേസ് വില്ലേജിൽ കുട്ടികൾക്ക് 1, 5, 10, 21, 42 കിലോമീറ്ററും അംഗപരിമിതിയുള്ളവർക്ക് 21.1 കിലോമീറ്റർ മത്സരവുമാണ് നടത്തുന്നത്. 6 മണിക്കൂർ നീളമുള്ള മാരത്തണിനായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വദേശി, പ്രവാസി വിഭാഗങ്ങൾക്ക് സമ്മാനത്തുക 5 ലക്ഷം റിയാലാണ്.
50 റിയാൽ മുതൽ 250 റിയാൽ വരെയാണ് റജിസ്‌ട്രേഷൻ ഫീസ് നൽകേണ്ടത്. ഒറ്റയ്ക്ക് ഓടാൻ താൽപര്യമുള്ളവർക്ക് വെർച്വൽ ഇവൻ്റുണ്ട്. 2013 ൽ തുടക്കമിട്ട മാരത്തണിൽ 10 വർഷത്തിനിടെ 18,000 പേർ പങ്കെടുത്തു.