വിസയ്ക്കായി വ്യാജ രേഖകൾ ചമച്ച ഏഷ്യൻ സ്വദേശി ഖത്തറിൽ അറസ്റ്റിൽ. കുടുംബ വിസയ്ക്ക് നിയമപരമായ രേഖകൾ ഇല്ലാത്ത ചില പ്രവാസികൾക്കായാണ് പ്രതി വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയത്. വ്യാജരേഖ ചമച്ചെന്ന കണ്ടെത്തലിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഐഡന്റിറ്റി കാർഡുകൾ, വാടക കരാറുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, സർട്ടിഫിക്കറ്റുകൾ, സാലറി സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവയുടെ വ്യാജ രേഖകൾ പ്രതിയിൽ നിന്നും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ 51 പേരെ ഇതിനോടകം ചോദ്യം ചെയ്തതായും അധികൃതർ വ്യക്തമാക്കി. പ്രതിയെ നിയമ നടപടികൾക്കായി സാമ്പത്തിക – ഇലക്ട്രോണിക് കുറ്റകൃത്യ പ്രതിരോധ വകുപ്പിന് കൈമാറി.