2023 പടികടന്നിറങ്ങുമ്പോൾ യുഎഇയിൽ ഉണ്ടായ മാറ്റങ്ങളും പ്രധാന സംഭവങ്ങളും എന്തൊക്കെ ? പുതുവർഷത്തെ പുതിയ പ്രതീക്ഷകളിലേക്ക് നടന്നടുക്കുമ്പോൾ 2023നെ യുഎഇ അടയാളപ്പെടുത്തുന്നത് എങ്ങനെയെന്ന് നോക്കാം. പ്രവാസികളെ ബാധിക്കുന്നതും അല്ലാത്തതുമായ സുപ്രധാന നിയമമാറ്റങ്ങളിലേക്കും യുഎഇ നടപ്പിലാക്കിയ പദ്ധതികളിലേക്കും പ്രധാന സംഭവങ്ങളിലേക്കും ഒരുതിരിഞ്ഞുനോട്ടം.
സ്വദേശിവത്കരണ നിയമം
2022ൽ ആരംഭിച്ച സ്വദേശി വത്കരകണ നിയമത്തിൻ്റെ തുടർച്ച 2023ലും ഉണ്ടായി. അമ്പതോ അതിൽക്കൂടുതലോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങൾ വിദഗ്ധ തൊഴിൽവിഭാഗങ്ങളിൽ രണ്ടുശതമാനം സ്വദേശികളെയാണ് പുതിയതായി നിയമിക്കേണ്ടത്. മാനദണ്ഡം അനുസരിച്ച് ഡിസംബർ അവസാനിക്കുമ്പോൾ ആകെ നാലുശതമാനം സ്വദേശികളാണ് സ്ഥാപനങ്ങളിൽ ഉണ്ടാകേണ്ടത്. സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം ഇതോടെ 88,000 ആയി ഉയർന്നു. 2024 മുതല്‍ 20 ജീവനക്കാരുള്ള സ്ഥാപനങ്ങളും സ്വദേശിവത്കരണ പരിധിയിലാകും.
തൊഴിൽ രഹിത ഇൻഷുറൻസ്
തൊഴിൽ നഷ്ടമാകുന്നവരെ സംരക്ഷിക്കാൻ ജനുവരി മുതലാണ് യുഎഇ നിർബന്ധിത തൊഴിൽ രഹിത പദ്ധതി നടപ്പാക്കിയത്. 15000 ദിർഹം വരെ ശമ്പളം വാങ്ങുന്നവർക്ക് വർഷം 65 ദിർഹവും 15000ന് മുകളിഷ ശമ്പളം വാങ്ങുന്നവർക്ക് 120 ദിർഹവുമാണ് പ്രീമിയം. രാജ്യത്ത് ഇതുവരെ 67 ലക്ഷത്തിലധികം പേര്‍ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാമ് കണക്കുകൾ. പദ്ധതിയിൽ അംഗമായവർക്ക് ജോലി നഷ്ടമായാല്‍ മൂന്ന് മാസം വരെ സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്.
പുതിയ കോർപ്പറേറ്റ് ടാക്സ് നിയമം
ജൂൺ മുതലാണ് യുഎഇയിൽ കോപ്പറേറ്റ് ടാക്സ് നിയമം നിലവിൽ വന്നത്. വർഷിക അടിസ്ഥാനത്തിൽ 375,000 ദിർഹവും അതിൽ കൂടുതലും ലാഭമുള്ള കമ്പനികളിൽ നിന്ന് ഒമ്പത് ശതമാനം കോർപ്പറേറ്റ് നികുതിയാണ് ഈടാക്കുക. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണിത്. ചില രാജ്യങ്ങൾ 30 ശതമാനം വരെ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.
ഇസ്ലാം ഇതര വിശ്വാസികൾക്ക് വ്യക്തിഗത സ്റ്റാറ്റസ്
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, വില്‍പത്രം തുടങ്ങി വിവിധ വിഷയങ്ങളില്‍ വ്യക്തിഗത പദവി അനുവദിക്കുന്ന ഫെഡറല്‍ നിയമമാണ് ഫെബ്രുവരിയിൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും പ്രാബല്യത്തിലെത്തിയത്. സിവിൽ മാര്യേജ് കരാർ പ്രകാരം സങ്കീർണമായ നടപടികളും സാക്ഷിവിസ്താരവും ഒഴിവാക്കി പരസ്പര സമ്മതത്തോടെ വിവാഹവും വിവാഹ മോചനവും തർക്കപരിഹാരവും നടത്താമെന്നതാണ് നിയമത്തിൻ്റെ പ്രത്യേകത.
പാളിപ്പോയ ചാന്ദ്ര ദൌത്യം
യുഎഇയുടെ പ്രഥമ ചാന്ദ്രഗവേഷണ ദൌത്യം വിജയത്തിലെത്തിലെത്താഞ്ഞത് ഏപ്രിൽ മാസത്തെ ദുഖമായി. 2022 ഡിസംബർ 11ന് ഫ്ളോറിഡയിൽ നിന്ന് വിക്ഷേപിച്ച യുഎഇ സ്വയം വികസിപ്പിച്ച റഷീദ് റോവർ ഉപയോഗിച്ചുളള ദൌത്യമാണ് അവസാന നിമിഷം പരാജയപ്പെട്ടത്. ചന്ദ്രൻ്റെ വടക്കുഭാഗത്ത് പേടകം ലാൻ്റ് ചെയ്ത് ചരിത്രം കുറക്കാനായിരുന്നു യുഎഇ ബഹിരാകാശ ശാസ്ത്ര സംഘത്തിൻ്റെ ശ്രമം. അവസാന നിമിഷം പേടകവുമായുളള ആശയവിനിമയം നഷ്ടമാവുകയായിരുന്നു.
സുൽത്താൻ അൽ നെയാദി
ഹസ്സ അൽ മൻസൂരിക്ക് ശേഷം ബഹിരാകാശ യാത്ര നടത്തിയ യുഎഇ ബഹിരാകാശ യാത്രികൻ. കൂടുതൽ കാലം ബഹിരാകാശത്ത് ചെലവഴിച്ച യുഎഇ പൌരനെന്ന ബഹുമതിക്ക് ഉടമ. മാർച്ച് 2 ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിച്ച അൽ നെയാദി ആറ് മാസത്തെ ദൌത്യത്തിന് ശേഷം സെപ്്റ്റംബർ 4 വിജയകരമായി തിരികെയെത്തി. പുതിയ ബഹിരാകാശ ദൌത്യങ്ങളും യുഎഇ പ്രഖ്യാപിച്ചു.
ഷെങ്കൻ മോഡൽ വിസ
യു.എ.ഇയും സൗദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഷെങ്കൻ മോഡൽ ഏകീകൃതവിസയ്ക്ക് ജിസിസി രാജ്യങ്ങൾ അംഗീകാരം നൽകി.2024ൻ്റെ തുടക്കത്തിൽ യാത്രകൾ സാധ്യമാകുംവിധമാണ് നടപടികൾ പുരോഗമിക്കുന്നത്. പുതിയ വിസ നിലവില്‍ വരുന്നതോടെ ഇനി ട്രാന്‍സിറ്റ് വിസകളുടെ ആവശ്യം ഒഴിവാകും. വിനോദസഞ്ചാര മേഖലയിലുൾപ്പടെ വൻമാറ്റമാകും ഷെങ്കൻ വിസ പ്രാബല്യത്തിൽ എത്തുന്നോടെ ഉണ്ടാവുക.
ഇത്തിഹാദ് റെയിൽ
യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ പൂർണ പ്രവർത്തന സജ്ജമാണെന്ന് ഏപ്രിൽ മാസം പ്രഖ്യാപിച്ചു. ചരക്കുനീക്കം പൂർണ ക്ഷമതയിലെത്തിയെങ്കിലും യാത്ര ട്രെയിനുകൾക്കായി കാത്തിരിപ്പ് തുടരുന്നു. ജിസിസി റെയിൽ പദ്ധതിയുമായി ബന്ധിപ്പിക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് യുഎഇയുടെ ഇത്തിഹാദ് റെയിൽ. യുഎഇയിലെ എല്ലാ എമിറേറ്റുകളേയും ബന്ധിപ്പിച്ചാണ് റെയിൽപാത പൂർത്തിയായത്.
ബ്ലൂലൈൻ മെട്രോ പദ്ധതി
എമിറേറ്റിലെ ഏറ്റവും വലുതും സുപ്രധാനവുമായ ഗതാഗത പദ്ധതിയായ ദുബായ് മെട്രോയുടെ ബ്ലൂലൈൻ പദ്ധതിക്ക് അംഗീകാരം ലഭ്യയമായത് നവംബറിലാണ്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. നിലവിലെ റെഡ്, ഗ്രീൻ ലൈനുകളുമായി ബന്ധിപ്പിച്ചാണ് ബ്ലൂ ലൈൻ പാത പൂർത്തിയാവുക.
ലോക കാലാവസ്ഥ ഉച്ചകോടി
നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായിൽ നടന്ന ലോകകാലാവസ്ഥ ഉച്ചകോടി കോപ്-28 വൻ വിജയമായി. കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനും ഭൂമിയെ സംരക്ഷിക്കാനുമുളള നിരവധി പദ്ധതികളും സംയുക്ത രാജ്യങ്ങളുടെ സഹകരണവുമാണ് കോപ് 289ൽ ഉണ്ടായത്. കാലാവസ്ഥ് വ്യതിയാനം ചെറുക്കാൻ ആഗോള ബഹിരാകാശ ഏജൻസികളെ ഏപോപിപ്പിക്കുന്നതടക്കം ചരിത്രപരമായ തീരുമാനങ്ങൾ കോപ് 28 ഉച്ചകോടി സ്വീകരിച്ചു.
ദുബായിയുടെ മുഖം മാറുന്ന നഗരാസൂത്രണ പദ്ധതി , പൊതു ബീച്ചുകളുടെ നവീകരണം, സുസ്ഥിര ഊർജ്ജ ഉത്പാദനം, ഗതാഗത രംഗത്തെ നവീകരണം, ആർട്ടിഫിഷ്യൽ ടെക്നോളജി മുന്നേറ്റും തുടങ്ങി നിരവധി പദ്ധതികളാണ് യുഎഇ 2024ൽ നടപ്പാക്കാൻ ഒരുങ്ങുന്നത്.