യുഎഇയിലുണ്ടായ റെക്കോർഡ് മഴയെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതുവഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുൻപ് മടങ്ങാനാകാത്ത സന്ദർശക, താമസ വീസക്കാരിൽ നിന്ന് ഓവർസ്റ്റേ പിഴഈടാക്കില്ലെന്ന് അധികൃതർ. ഏപ്രിൽ 16 മുതൽ 18 വരെ റദ്ദാക്കിയ ദുബായിൽ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാർക്കാർക്കാണ് ഓവർസ്റ്റേ പിഴ ഒഴിവാക്കിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൻ്റേതാണ് അറിയിപ്പ്.
വിമാനം റദ്ദാക്കിയത് മൂലം നിരവധി ആളുകളാണ് കാലാവധി കഴിഞ്ഞും എയർപോർട്ടിൽ കുടുങ്ങിയത്. ഇന്ത്യയിലേക്കുളള ഫ്ലൈ ദുബായ്, എയർ ഇന്ത്യാ വിമാനങ്ങളിലെ യാത്രക്കാരേയും ഇത് ബാധിച്ചിരുന്നു. മഴക്കെടുതിക്ക് ശേഷം നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കിയിട്ടില്ലെന്ന് ട്രാവൽ ഏജൻസികളും പറയുന്നു.
2023ലെ പുതുക്കിയ വീസാ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്ക് പ്രതിദിനം 50 ദിർഹം വീതമാണ് പിഴ ചുമത്തുക. മഴക്കെടുതി കണക്കിലെടുത്ത് താമസക്കാർക്കും സന്ദർശകർക്കും ആശ്വാസകരമായ നിരവധി നടപടികൾ യുഎഇ സ്വീകരിക്കുണ്ട്.