വിസ മെഡിക്കലിനുള്ള അപേക്ഷ കൂടുതൽ ലളിതമാക്കാനൊരുങ്ങി ഒമാൻ ആരോഗ്യമന്ത്രാലയം. വ്യക്തികൾക്കും കമ്പനികൾക്കും മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുള്ള https://mfs.moh.gov.om/MFS/ എന്ന ലിങ്ക് വഴി ഇനി സ്വയം അപേക്ഷിക്കാം. റെസിഡൻസി കാർഡ് എടുക്കുക, പുതുക്കുക, വിസ എന്നിവക്കുള്ള മെഡിക്കൽ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഓൺലൈനായി അപേക്ഷിക്കാൻ റസിഡന്റ് കാർഡുമായി ലിങ്ക് ചെയ്ത ആക്ടിവേറ്റായ മൊബൈൽ നമ്പർ നിർബന്ധമായും ഉണ്ടായിരിക്കണം. ഈ നമ്പറിലേക്കായിരിക്കും ഒടിപി ലഭിക്കുക. വെബ്സൈറ്റിൽ കയറിയതിന് ശേഷം ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷ ഫീസും മറ്റും അടക്കാം. ബാക്കി എല്ലാം മുൻപുള്ള മെഡിക്കൽ വിസ നടപടികളുടേത് പോലെ തന്നെ ആയിരിക്കും.
നേരത്തേ സനദ് ഓഫിസിൽ പോയി അപേക്ഷിക്കണമായിരുന്നു. ഈ രീതിയ്ക്ക് പകരം സ്വയം അപേക്ഷിക്കാൻ കഴിയുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. എന്നാൽ താൽപര്യമുള്ളവർക്ക് തുടർന്നും സനദ് ഓഫിസിലൂടെയും വിസ മെഡിക്കലിന് അപേക്ഷിക്കാവുന്നതാണ്. പുതിയ സംവിധാനത്തിലൂടെ സുതാര്യത വർധിപ്പിക്കാനും മെഡിക്കൽ റിപ്പോർട്ടുകൾ നൽകുന്നതിനുള്ള സമയവും അധ്വാനവും ലാഭിക്കാനുമാണ് പുതിയ സംവിധാനത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ തന്നെ ഒമാനിൽ വിസ മെഡിക്കൽ നടപടികൾ ലളിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ ഈടാക്കിയിരുന്ന പരിശോധന ഫീസ് ഒഴിവാക്കുകയും ചെയ്തു. ഇത് പ്രകാരം പരിശോധനയ്ക്കുള്ള അപേക്ഷ സനദ് ഓഫിസുകൾ വഴി 30 റിയാൽ അടച്ച് സമർപ്പിക്കണം. ശേഷം, പ്രവാസികൾക്ക് അംഗീകൃത സ്വകാര്യ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ ഫീസ് നൽകാതെ ആവശ്യമായ വൈദ്യപരിശോധന നടത്താനും കഴിയും. കൂടാതെ പരിശോധന കഴിഞ്ഞുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുകയും ചെയ്യും.