വിസ മാറാൻ ഒമാനിലേക്ക് യുഎഇയിൽ നിന്ന് ബസ്സിൽ വരുന്നവർക്ക് അതിർത്തി ചെക്പോസ്റ്റിൽ നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം മുതലാണ് നിയന്ത്രണം. എന്നാൽ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ലെന്നാണ് റിപ്പോർട്ട്. മാസങ്ങൾക്ക് മുൻപാണ് യുഎഇയിൽ വിസ മാറുന്നത് രാജ്യം വിട്ട് പുറത്തേക്ക് പോവണമെന്ന നിബന്ധന പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി പേരാണ് ഒമാനിലേക്ക് പോകുന്നത്.
അതേസമയം മസ്കറ്റിലും റൂവിയിലും വന്ന് ഒന്നോ രണ്ടോ ദിവസം തങ്ങിയാണ് പലരും യുഎഇയിലേക്ക് തിരിച്ച് പോകുക. മാത്രമല്ല, ബുറൈമിയിൽ വന്ന് തിരിച്ചു പോവുന്നവരും നിരവധിയാണ്. കഴിഞ്ഞ മാസം അവസാനം വരെ ഇത്തരം വിഭാഗത്തിൽപെട്ട നിരവധിപേർ വിസ മാറാൻ ബസ്സിലായിരുന്നു ഒമാനിൽ എത്തിയിരുന്നത്. എന്നാൽ ഈ മാസം മുതൽ ഇവരെ സ്വകാര്യ ബസ്സുകളിൽ അതിർത്തി കടക്കാൻ അനുവദിക്കില്ല.
അതേസമയം അൽ ഐനിൽനിന്ന് സർവിസ് നടത്തുന്ന മുവാസലാത്ത് ബസിൽ മസ്കറ്റിലേക്ക് വരുന്നവർക്ക് നിയന്ത്രണങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ട്. ഒമാനിൽനിന്ന് ഒരു സ്വകാര്യ ബസ് കമ്പനി മൂന്ന് സർവിസുകളാണ് ദുബായിലേക്ക് നടത്തി വന്നിരുന്നത്. ദുബായിൽനിന്ന് ഒമാനിലേക്കും കമ്പനി സർവിസ് നടത്തുന്നുണ്ട്. ഈ ബസുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇത് മൂലം അഞ്ചും ആറും ദിവസം കഴിഞ്ഞാണ് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് ലഭിച്ചിരുന്നത്.
എന്നാൽ പുതിയ നിയന്ത്രണം വന്നതോടെ വലിയ കുരുക്കാണ് യാത്രക്കാർ നേരിടേണ്ടി വരിക. മുവാസലാത്ത് അൽ ഐനിൽനിന്ന് ഒരു സർവിസ് മാത്രമാണ് ഒരു ദിവസം നടത്തുന്നത്. ഇത് തികച്ചും അപര്യാപ്തമാണെന്ന് യത്രക്കാർ പറയുന്നു. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് മുവാസലാത്ത് ദുബായിൽനിന്നും സർവിസുകൾ ആരംഭിക്കണമെന്നാണ് അവരുടെ ആവശ്യം. മാത്രമല്ല, സർവിസുകൾ റൂവിയിൽനിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് കൂടുതൽ സൗകര്യമായിരിക്കുമെന്നും യാത്രക്കാർ പറയുന്നു. അതേസമയം ഈ പ്രതിസന്ധി മറികടക്കാൻ വിമാനം വഴി വന്നുപോവുന്നവരും നിരവധിയാണ്.