ബഹിരാകാശ ദൌത്യങ്ങളുടെ ഭാഗമായി ആകാശവിതാനങ്ങൾ താണ്ടുന്ന മനുഷ്യരുടെ പക്ഷത്തേക്ക് അറബ് ജനതയെ ആനയിക്കുന്ന രാജ്യമാവുകയാണ് യുഎഇ. ശാസ്ത്രീയ കഴിവുകൾ വികസിപ്പിക്കുന്നതിനും പുതിയ പരീക്ഷണങ്ങൾക്ക് തുടക്കമിടുന്നതിനും അറബ് മേഖലയിൽനിന്ന് യുഎഇ ചെറുതല്ലാത്ത സംഭാവനകൾ ഇതിനകം നൽകിക്കഴിഞ്ഞു. ആഗോള ബഹിരാകാശ ദൌത്യങ്ങളുമായി സഹകരിച്ചും സ്വന്തം പദ്ധതികൾ നടപ്പാക്കിയുമാണ് യുഎഇയുടെ മുന്നേറ്റം.
ബഹിരാകാശ പര്യവേക്ഷണത്തിൽ അറബ് മേഖലയിലേയും ആഗോള തലത്തിലേയും മുൻനിരക്കാരൻ എന്ന പദവി ശക്തിപ്പെടുത്തുകയാണ് യുഎഇയുടെ ലക്ഷ്യം. മാനുഷ്യരാശിയെ ഉയർച്ചകളിലേക്ക് നയിക്കുന്നതിനൊപ്പം യുഎഇയുടെ പൈതൃകവും സംസ്കാരവും അടയാളപ്പെടുത്തുന്നതാണ് യുഎഇയുടെ നീക്കങ്ങൾ. ദേശീയ ബഹിരാകാശ ഏജൻസിയായ എംബിആർഎസ്‌സിയ്ക്ക് കീഴിലാണ് യുഎഇയുടെ ബഹിരാകാശ പ്രവർത്തനങ്ങൾ.
കൂടുതൽ ബഹിരാകാശ സഞ്ചാരികളെ സജ്ജമാക്കുന്നത് മുതൽ ചാന്ദ്രഗവേഷണ പദ്ധതികൾ വരെ യുഎഇയുടെ ഭാവി പരിപാടികളാണ്. ആദ്യ ചാന്ദ്രദൌത്യമായ റാഷിദ് റോവർ വിക്ഷേപണം ലാൻ്റിംഗിനിടെ പരാജയപ്പെട്ടെങ്കിലും യുഎഇ പ്രഖ്യാപിച്ച ആർട്ടെമിസ് ദൌത്യം മുടക്കമില്ലാതെ മുന്നോട്ടുപോവുകയാണ്. ബഹിരാകാശ ശക്തിയായ നാസക്ക് പുറമെ റഷ്യ, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളുമായി സഹകരിച്ച് സംയുക്ത ബഹിരാകാശ പദ്ധതികളും യുഎഇ വിഭാവനം ചെയ്യുന്നുണ്ട്.
യുഎഇയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തായത് ഹസ്സ അൽ മൻസൂരിയുടേയും സുൽത്താൻ അൽ നെയാദിയുടേയും വിജയകരമായ ബഹിരാകാശ യാത്രകളാണ്. ബഹിരാകാശത്ത് എത്തുന്ന ആദ്യ അറബ് വംശജനെന്ന റെക്കോർക്ക് 2019ൽ ഹസ്സ അൽ മൻസൂരിയെ തേടിയെത്തിയപ്പോൾ ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ചിലവഴിച്ച അറബ് പൌരനെന്ന റെക്കോർഡാണ് 2023ൽ സുൽത്താൻ അൽ നെയാദി സ്വന്തമാക്കിത്. ബഹിരാകാശ പരീക്ഷണങ്ങളെ അറബ് ലോകത്ത് ജനകീയമാക്കുന്നതിന് ഇരുവരും വഹിച്ച പങ്ക് നിസ്സാരമല്ല.
ഇവരുടെ വിജഗാഥകൾക്ക് പിന്നാലെ യുഎഇ വനിതയായ നോറ അല്‍ മത്രൂഷിയേയും മുഹമ്മദ് അല്‍ മുല്ലയേയും ഭാവി യാത്രകൾക്കായി ഒരുക്കുകയാണ് യുഎഇ. 2021മുതൽ ഇരുവർക്കും ദൌത്യത്തിനായി പരിശീലനം നൽകിവരുന്നുണ്ട്. ഇതിനിടെ ഇരുവർക്കും നാസയിൽ നിന്ന് ബിരുദം നേടാനായതാണ് പുതിയ വാർത്ത. ഇതോടെ നാസയിൽ നിന്ന് ബിരുദം നേടുന്ന ആദ്യത്തെ അറബ് പൌരൻമാരെന്ന ചരിത്ര നേട്ടത്തിനും നോറ അല്‍ മത്രൂഷിയും മുഹമ്മദ് അല്‍ മുല്ലയും അര്‍ഹരായി. 2024 മാർച്ച് അഞ്ചിനായിരുന്നു ബിരുദദാന ചടങ്ങുകൾ.
മുപ്പത്തിയൊന്നുകാരിയായ നോറ അല്‍ മത്രൂഷി നേരത്തേ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. മുപ്പത്തിയാറുകാരനായ മുഹമ്മദ് അല്‍ മുല്ല ദുബായ് പോലീസ് ഹെലികോപ്റ്റര്‍ പൈലറ്റായിരുന്നു. നാസ ബിരുദം നേടിയതോടെ ഇരുവരും എല്ലാവിധ ബഹിരാകാശ യാത്രകള്‍ക്കും ആവശ്യമായ യോഗ്യത കൈവരിച്ചുകഴിഞ്ഞു. വനിതാ ശാക്തീകരണം ബഹിരാകാശത്തോളം എത്തിക്കുന്നതിൻ്റെ ഭാഗമായാണ് ഒരു വനിതയെ യുഎഇ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയം.
യുഎഇുടെ ആര്‍ട്ടെമിസ് പ്രോഗ്രാമിന് കീഴിലുള്ള ചാന്ദ്ര ദൗത്യങ്ങള്‍, ചൊവ്വ ദൗത്യങ്ങള്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അസൈന്‍മെൻ്റുകള്‍, വാണിജ്യ ലക്ഷ്യങ്ങളോടെയുള്ള ബഹിരാകാശ യാത്രകള്‍ തുടങ്ങി ഭാവിയിലെ എല്ലാവിധ ബഹിരാകാശ ഗവേഷണ യാത്രകൾക്കും ഇരുവരും സുസജ്ജമാണ്. ഹൂസ്റ്റണിലുളള നാസ ജോണ്‍സണ്‍ സ്പേസ് സെൻ്ററിലെ ന്യൂട്രല്‍ ബൂയന്‍സി ലബോറട്ടറിയിൽനിന്ന് നോറയും മുഹമ്മദും ബഹിരാകാശ നടത്തത്തില്‍ വിദഗ്ധ പരിശീലനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
യുഎഇയുടെ നേട്ടങ്ങൾ ബഹികാശ മേഖലയ്ക്ക് മാത്രമല്ല ലോകത്തിനാകെ മാതൃകയാകണമെന്നാണ് ഭരണാധികാരികളുടെ താത്പര്യം. സൌദിയുൾപ്പെടെ പുതിയ പരീക്ഷണങ്ങളും ദൌത്യങ്ങളുമായി രംഗത്തു വരുമ്പോൾ യുഎഇ മുന്നോട്ടുവയ്ക്കുന്ന ചുവടുകൾ അറബ് ലോകത്തിന് നൽകുന്ന ആത്മവിശ്വാസം ആകാശത്തോളം ഉയരമുളളതാണ്.
എഴുത്ത് : ജോജറ്റ് ജോൺ