ആഡംബരങ്ങളുടെ നാടായ ദുബായ് ആഡംബര ഭക്ഷണ വിഭവങ്ങളുടേയും നാടാണ്. ഭക്ഷണ രംഗത്തും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നതും മത്സരിക്കുന്നതുമായി വിഭവങ്ങൾ ദുബായിലുണ്ട്. 3000 ദിർഹത്തിന്റെ ഐസ്‌ക്രീം സ്കൂപ്പ് മുതൽ 23 കാരറ്റ് സ്വർണം പൂശിയ ബിരിയാണിവരെ ഇക്കൂട്ടത്തിലുണ്ട്.
റോയൽ പിസ്സ
ഇറ്റലിയിലെ പ്രിയപ്പെട്ട തെരുവ് ഭക്ഷണമാണ് പിസ്സകൾ. വിലകുറഞ്ഞതും രുചികരവുമായ ഭക്ഷണമാണ് പിസ്സയെങ്കിൽ ദുബായ് മദീനത്ത് ജുമൈറയിലെ പിയർച്ചിക് റെസ്റ്റോറൻ്റിലെ റോയൽ പിസ്സയുടെ വിലകേട്ടാൽ ഞെട്ടും. 777,000 ദിർഹമാണ് വില.
ലോകമെമ്പാടുമുള്ള പുതിയതും ഉയർന്ന നിലവാരമുള്ളതുമായ ചേരുവകൾ ഉപയോഗിച്ചാണ് ഈ പിസ്സ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ ജാപ്പനീസ് മാറ്റ്‌സുടേക്ക് കൂൺ, ഇറ്റലിയിൽ നിന്നുള്ള വൈറ്റ് ആൽബ ട്രഫിൾസ് (ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷ്യവസ്തു), ഇറാനിൽ നിന്നുള്ള കുങ്കുമം, കശ്മീരിൽ നിന്നുള്ള മോംഗ കുങ്കുമപ്പൂവ് എന്നിവയാണ് ഉപയോഗിക്കുന്നത്. ദുബായ് രാജകുടുംബത്തിന് വേണ്ടി പ്രത്യേകം പാചകംചെയ്തതാണ് ഈ ആഡംബര പിസ്സ.
ബ്ലാക്ക് ഡയമണ്ട് ഐസ്ക്രീം
ജുമൈറ 3യിലെ സ്‌കൂപ്പി കഫേയിലെ ബ്ലാക്ക് ഡയമണ്ട് ഐസ്ക്രീമിന് ദുബായിലെ സാധാരണ ഫ്ലാറ്റിൻ്റെ പ്രതിമാസ വാടകയേക്കാൺ വിലകൊടുക്കേണ്ടിവരും. മഡഗാസ്കറിൽ നിന്നുള്ള വാനില ബീൻസ്, ഇറാനിൽ നിന്നുള്ള കുങ്കുമപ്പൂവ്, ഇറ്റലിയിൽ നിന്നുള്ള ബ്ലാക്ക് ട്രഫിൾ എന്നിങ്ങനെ വൈവിധ്യമാർന്നതും ഭക്ഷ്യയോഗ്യമായ 23 കാരറ്റ് ഗോൾഡ് ഫ്ലേക്കുകളും ചേരുന്നതാണ് സ്കൂപ്പ്.
മാത്രമല്ല കഫേയിൽ നിന്ന് ഒരു സുവനീർ ആയി സൂക്ഷിക്കാൻ കഴിയുന്ന രീതിയിൽ ഒരു വെള്ളി സ്പൂൺ കൊണ്ട് സ്വർണ്ണ കരകൗശല പാത്രത്തിലാണ് ബ്ലാക്ക് ഡയമണ്ട് ഐസ്ക്രീം വിളമ്പുന്നത്. ഒരു സ്‌കൂപ്പിന് 2,999 ദിർഹമാണ് ഈടാക്കുന്നത്.
ഗോൾഡൻ ബിരിയാണി
ദുബായിലെ DIFCയിലുളള ബോംബെ ബറോയിൽ വിളമ്പുന്ന ഗോൾഡൻ ബിരിയാണിയാണ് മറ്റൊരു താരം. മാംസം, ഉരുളക്കിഴങ്ങുകൾ, കബാബുകൾ എന്നിവയുൾപ്പെടെ എല്ലാം 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ്ണത്തിൻ്റെ നേർത്ത പാളിയിൽ പൊതിഞ്ഞാണ് വിളമ്പുന്നത്. “ഒരു ആയുഷ്‌ക്കാലത്തെ ഭക്ഷണം” എന്ന വാഗ്ദനവുമായാണ് ഗോൾഡൻ ബിരിയാണി തീൻ മേശകളിലെത്തുന്നത്. ഒരു വലിയ സ്വർണ്ണ ‘താലിൽ’ആണ് റോയൽ ഗോൾഡ് ബിരിയാണി വിളമ്പുന്നത്.
സ്വർണത്തിനെന്താണ് രുചി എന്ന് ചോദിച്ചാൽ പ്രത്യേകത ഒന്നുമില്ല. എന്നാൽ റോയൽ ഭക്ഷണങ്ങളുടെ ഗണത്തിലാണ് ഈ ഗോൾഡൻ ബിരിയാണി. ഒരു പ്ലേറ്റിന് 1000 ദിർഹം വിലവരുമെന്നാണ് റിപ്പോർട്ടുകൾ.