കോഫി പ്രേമികൾക്കും വിവിധ തരം കോഫികൾ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കുമായി ദുബായിൽ സുവർണാവസരമൊരുങ്ങുന്നു. മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷന് ജനുവരി 21 മുതൽ ദുബായ് വേദിയാകുകയാണ്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ജനുവരി 23 വരെയാണ് മേള സംഘടിപ്പിക്കുന്നത്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മന്റ് സ്ഥാപനമായ ഡി.എക്സ്.ബി ലൈവ് ആണ് എക്സിബിഷൻ ഒരുക്കുന്നത്. സ്പെഷ്യാലിറ്റി കോഫി അസോസിയേഷന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കപ്പെടുന്നത്. 51 രാജ്യങ്ങളിൽ നിന്നുള്ള 1,650 കമ്പനികളും ബ്രാൻഡുകളും മേളയിൽ പങ്കെടുക്കും.
എക്സിബിഷനിൽ ഇന്ത്യ, മ്യാൻമർ, റുവാണ്ട, ഉഗാണ്ട, ഇക്വഡോർ, കോസ്റ്റാറിക്ക, എൽ സാൽവഡോർ എന്നീ ഏഴ് രാജ്യങ്ങളുടെ ദേശീയ പവലിയനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്ക, ജർമ്മനി, കാനഡ, സ്ലൊവാക്യ, പോർച്ചുഗൽ, അയർലൻഡ്, കുവൈറ്റ്, നോർവേ, തായ്വാൻ, തായ്ലൻഡ്, പാക്കിസ്ഥാൻ, ഇറാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കോഫി കമ്പനികളും ബ്രാൻഡുകളുമാണ് മേളയിൽ പങ്കെടുക്കുന്നത്.