ദുബായിയുടെ നഗരാസൂത്രണ പദ്ധതി 2040 യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. കൂടുതൽ നിക്ഷേപങ്ങളും സുസ്ഥിര വികസനവും ലക്ഷ്യമാക്കിയാണ് നഗരാസൂത്രണ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കാര്യക്ഷമമായാണ് പദ്ധതികൾ നടപ്പിലാക്കുക. പ്രകൃതി സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം, പ്രകൃതി വിഭവങ്ങളുടെ സുരക്ഷിതമായ ഉപയോഗം എന്നിവ ഉറപ്പാക്കുന്നതിന് നഗരാസൂത്രണത്തിൽ പ്രധാന്യം നൽകും. ഇതിന്റെ ഭാഗമായി പരിസ്ഥിതി ആഘാത പഠനവും നടത്താൻ തീരുമാനിച്ചു.
വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി പാരിസ്ഥിതിക അവലോകനവും നഗരാസൂത്രണത്തിനായി സുപ്രീം കമ്മിറ്റിയും രൂപീകരിക്കും. പദ്ധതികളെ സംബന്ധിച്ച് സുപ്രീം കമ്മിറ്റിയാണ് തീരുമാനമെടുക്കുക. നഗരാസൂത്രണം നടപ്പാക്കുന്നതിന്റെ ചുമതല ദുബായ് മുനിസിപ്പാലിറ്റിക്കാണ്. ഇതിന്റെ ഭാഗമായി ആവശ്യമെങ്കിൽ പുതിയ ഫ്രീ സോണുകളും ഡവലപ്മെന്റ് സോണുകളും രൂപീകരിക്കാൻ മുനിസിപ്പാലിറ്റിക്ക് അധികാരം നൽകിയിട്ടുണ്ട്.