മല്ലന്മാരുടെ പോരാട്ടം സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ളവരാണോ നിങ്ങൾ. എങ്കിൽ എതിരാളിയെ ഒരേ നിലയിൽ നിശ്ചിത സമയം പൂട്ടിയിടുന്ന മാന്ത്രികജാലം നേരിട്ടുകാണാൻ അവസരമൊരുക്കുകയാണ് ദുബായ്. ഫെബ്രുവരി 24നാണ് അന്താരാഷ്ട്ര ഗുസ്തി മത്സരത്തിന് ദുബായ് വേദിയാകുന്നത്.
രണ്ട് തവണ കോമൺവെൽത്ത് ഹെവി വെയ്റ്റ് ചാമ്പ്യനായ ഇന്ത്യയുടെ സൻഗ്രാം സിങ്ങും പാക്കിസ്ഥാൻ്റെ മുൻനിരതാരം മുഹമ്മദ് സഈദും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുക. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൻഗ്രാം സിങ് കളത്തിലേയ്ക്ക് വീണ്ടുമെത്തുന്നത്. അതുകൊണ്ടുതന്നെ ആരാധകർക്ക് ഇതൊരു ആവേശ പോരാട്ടം തന്നെയായിരിക്കും. വേൾഡ് പ്രൊഫഷണൽ റസ്ലിങ് ഹബിന്റെ ബ്രാൻഡ് അംബാസിഡറും പ്രമോട്ടറും കൂടിയായ സൻഗ്രാം സിങ്ങിന് വലിയൊരു ആരാധക വലയം തന്നെയാണുള്ളത്.
വേൾഡ് പ്രൊഫഷണൽ റെസ്ലിങ് ഹബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇൻ്റർനാഷണൽ പ്രോ റസ്ലിങ് ചാമ്പ്യൻഷിപ്പ് ദുബായ് ശബാബ് അൽ അഹ്ലി ക്ലബ്ബിലാണ് നടക്കുക. വിവിധ രാജ്യങ്ങളുടെ പത്തോളം ഗുസ്തി താരങ്ങളാണ് മത്സത്തിൽ മാറ്റുരയ്ക്കുന്നത്. ഗുസ്തിക്ക് പ്രായമൊരു പ്രശ്നമല്ലെന്ന് വ്യക്തമാക്കുന്ന വിധത്തിൽ വിവിധ പ്രായത്തിലുള്ളവരാണ് പോരാടാനെത്തുന്നത്. കരുത്തും കായിക മികവും ഗുസ്തിയിലെ കൂർമ്മ തന്ത്രങ്ങളും എതിരാളിയിൽ പയറ്റാനുറച്ച് തന്നെയാകും എല്ലാ താരങ്ങളും ദുബായിലെത്തുക.