ലോകത്തിലെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബായ് വേൾഡ് കപ്പ് ശനിയാഴ്‌ച നടത്തപ്പെടും. 30.5 ദശലക്ഷം ഡോളറാണ് ആകെ മത്സരത്തിന്റെ സമ്മാനത്തുക. ദുബായ് വേൾഡ് കപ്പിൻ്റെ 28-ാമത് പതിപ്പാണ് ഈ വർഷം സംഘടിപ്പിക്കപ്പെടുന്നത്. 14 രാജ്യങ്ങളിൽ നിന്നുള്ള 125 കുതിരകളാണ് മത്സരത്തിൽ പങ്കെടുക്കുക.
10 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള പ്യുവർബ്രീഡ് അറേബ്യൻസ് കുതിരകൾക്ക് മാത്രമായുള്ള ദുബായ് കഹൈല ക്ലാസിക്, 10 ലക്ഷം ഡോളർ വീതം സമ്മാനത്തുകയുള്ള ഗോഡോൾഫിൻ മൈൽ, ദുബായ് ഗോൾഡ് കപ്പ്, യു.എ.ഇ ഡെർബി, ഒന്നര ലക്ഷം ഡോളർ സമ്മാനത്തുകയുള്ള അൽ ഖൂസ് സ്പ്രിൻ്റ്, 20 ലക്ഷം ഡോളർ നേടാനാവുന്ന ദുബായ് ഗോൾഡൻ ഷഹീൻ, ദുബായ് ടർഫ് (50 ലക്ഷം ഡോളർ), ദുബായ് ഷീമ ക്ലാസിക് (60 ലക്ഷം ഡോളർ), ദുബായ് ലോകകപ്പ് (1.2 കോടി ഡോളർ) എന്നിങ്ങനെ ഒമ്പത് മത്സരങ്ങളാണ് നടത്തപ്പെടുന്നത്. ആദ്യ മത്സരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-നാണ് ആരംഭിക്കുക. മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ജേതാവായ ജപ്പാന്റെ ഉഷ്ബ ടെസോറോ എന്ന കുതിരയും പങ്കെടുക്കുന്നുണ്ട് എന്നത് കായിക പ്രേമികളിൽ ആകാംക്ഷ സൃഷ്ടിക്കുന്നുണ്ട്.
20 ദിർഹമാണ് മത്സരം കാണുന്നതിനുള്ള പ്രവേശന ടിക്കറ്റ് നിരക്ക്. മത്സരത്തോടൊപ്പം ലോകകപ്പ് സമാപനച്ചടങ്ങിൽ ഡ്രോൺ, ലേസർ, ലൈറ്റിങ് സാങ്കേതികവിദ്യകളോടെ ലോക റെക്കോഡ് നേടാനുള്ള ശ്രമത്തിലാണ് ഇത്തവണ അധികൃതർ. എൽ.ഇ.ഡി ലൈറ്റുകൾക്കൊപ്പം 4,000 സ്പെഷ്യലൈസ്‌ഡ് ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് ത്രിഡി ശിൽപ്പങ്ങൾ വിരിയും. 33 മിനിറ്റ് സമയം കാണികൾക്ക് ഡ്രോൺ വിസ്‌മയം കാണാനുള്ള അവസരമുണ്ടാകും.