മൊബൈൽ ഫോണുകളും നാവേഗേഷൻ സംവിധാനകളും അപ്രാപ്യമായിരുന്ന ഒരുകാലം. മരുഭൂമിയിലേയും കടൽത്തീരത്തേയും മണൽത്തരികളിലൂടെ അതിദൂരങ്ങൾ പിന്നിടുന്ന രണ്ട് പ്രദേശങ്ങൾ. മണിക്കൂറുകൾ നീളുന്ന ആ യാത്രയും നേരിടുന്ന വെല്ലുവിളികളും മറികടക്കാൻ 1971ൽ ഒരു തീരുമാനമുണ്ടാകുന്നു. ഇരു സ്ഥലങ്ങളേയും ബന്ധിപ്പിക്കുന്ന ഒരു പാത.
ഒമ്പത് വർഷത്തിനകം 1980ൽ ദുബായിൽ നിന്ന് അബുദാബിയിലേക്ക് ദുബൈ-ജബൽ അലി റോഡ് ആസ്ഥാനമാക്കി ഒരു ഒറ്റയടി ടാർറോഡ് നിർമ്മിക്കപ്പെട്ടു. വർഷങ്ങൾക്കിപ്പുറം യുഎഇയിലെ ഏറ്റവും വലിയ സഞ്ചാരപഥമായി അത് മാറി. ഒറ്റവരിപ്പാതയിൽനിന്ന് വിശാലതയിലേക്കെത്തിയ ഷെയ്ഖ് സായിദ് റോഡ്.
ഇന്ന് യുഎഇ എന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ പാതയാണ് ഷെയ്ഖ് സായിദ് റോഡ്. യുഎഇയിലെ എല്ലാ എമിറേറ്റുകളേയും ബന്ധിപ്പിക്കുന്ന പാത. അബുദാബി മുതൽ റാസൽഖൈമ വരെ 558.4 കിലോമീറ്റർ നീളം. മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെയിൽ സഞ്ചരിക്കാനാകുന്ന വേഗത. ദുബായിൽ നിന്ന് അബുദാബിലേക്ക് ഒരു ദിവസം നീണ്ടുനിന്ന യാത്രകളെ വെറും ഒരു മണിക്കൂറിലേക്ക് ചുരുക്കിയ വലിയ മാറ്റം.
റോഡ് യാഥാർത്ഥ്യമായതോടെ പാതയുടെ ഇരുവശത്തേയും മരുഭൂമികൾ മനുഷ്യ നിബിഡമാകാൻ അധിക കാലം വേണ്ടിവന്നില്ല. ജബൽ അലി തുറമുഖവും ദുബായ് അന്താരാഷ്ട്ര വിമാനത്താവളവുമൊക്കെ ചുറ്റുവട്ടത്തെത്തി. ദുബായുടെ ഏറ്റവും പ്രൌഢമായ കാഴ്ചകൾ ഷെയ്ഖ് സായിദ് റോഡിൻ്റെ വശങ്ങളിൽ അണിനിരന്നു. ദുബായ് വേൾഡ് ട്രേഡ് സെൻ്ററും ബുർജ് ഖലീഫയും ബുർജ് അറബും സിറ്റി വാക്കും ദുബായ് മാളും ഫ്യൂച്ചർ മ്യൂസിയവും ദുബായ് ഫ്രെയിമും ഇരട്ട എമിറേറ്റ്സ് ടവറുകളുമൊക്കെ.
വേൾഡ് എക്പോ, കോമിക്-കോൺ ദുബായ്, വേൾഡ് ആർട്ട് ദുബായ്, ഗൾഫുഡ്, ഗിറ്റെക്സ് ഉൾപ്പെടെ ഭീമാകാരമായ ഇവൻ്റുകളും എക്സിബിഷനുകനും കോൺഫറൻസുകളും എത്തിയതോടെ എല്ലാ വർഷവും ലോകമെങ്ങുനിന്നുമുളള ആയിരക്കണക്കിന് ആളുകളെ വഹിക്കുന്ന അത്ഭുത പാതകൂടിയായി മാറുകയായിരുന്നു ഷെയ്ഖ് സായിദ് റോഡ്. ലക്ഷങ്ങൾ അണിനിരക്കുന്ന ദുബായ് റണ്ണും ദുബായ് ചലഞ്ചും ഒക്കെ അരങ്ങേറുന്ന ഇടമെന്ന നിലയിലും ഷെയ്ഖ് സായിദ് റോഡിൻ്റെ പ്രശസ്തി പാരമ്യത്തിലെത്തി.
കിഴക്ക് ഷാർജയും പടിഞ്ഞാറ് അബുദാബിയും, അതിനിടയിൽ ദുബായിലെ ഇ-11 മേഖലയിലൂടെ കടന്നുപോകുന്ന 50 കിലോമീറ്ററാണ് ഏറ്റവും ശ്രദ്ധേയം. 1990-കളുടെ മധ്യത്തോടെയാണ് ദുബായ് ഡൌണ് ടൌണിനോട് ചേർന്നുളള പ്രധാന ഭാഗത്തിൻ്റെ വികസനം പൂർത്തിയായത്. പാതയുടെ ഇരുവശങ്ങളിലും നാലുവരി കൂട്ടിച്ചേർത്തു. റൗണ്ട് എബൗട്ടുകളും മേൽപ്പാലങ്ങളും നവീകരിക്കുകയും ചെയ്തു. പിന്നെയും വികസനങ്ങൾ കടന്നുവന്നു. ഇന്ന് ലോകത്തെ അതിശയിപ്പിക്കുന്ന പന്ത്രണ്ടുവരിപ്പാത ഇവിടെ കാണാനാകും.
ആരാധനാലയങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ഷോപ്പിംഗ് സെൻ്ററുകൾ, പാർക്കുകൾ,ബീച്ചുകൾ, ഭക്ഷണ ശാലകൾ,പഞ്ചനക്ഷത്ര താമസസ്ഥലങ്ങൾ, വിനോദ മന്ദിരങ്ങൾ എന്നിവകൊണ്ട് തിരക്കേറിയ പ്രദേശമാണ്. ദുബായുടെ വ്യവസായ-വാണിജ്യ വളർച്ചയുടെ ഹ്യദയധമനി. വിനോദസഞ്ചാരികളും താമസക്കാരും പ്രവാസികളുമൊക്കെ ഏറെ ആശ്രയിക്കുന്ന സഞ്ചാരപാത. ഷെയ്ഖ് സായിദ് റോഡിന് ഓരത്തുകൂടി മെട്രോ റെയിലും കടന്നുപോകുന്നുണ്ട്.
അബുദാബി ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദിൻ്റേയും ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദിൻ്റേയും ദീർഘദർശനം ഒരുനാടിനെ നേട്ടത്തിൻ്റെ കൊടുമുടിയിലെത്തിച്ചതിൻ്റെ തെളിവാണ് ഈ ദീർഘദൂരപാത.
ഒരുകാലത്ത് അബുദാബി റോഡെന്നും പിന്നീട് ഷെയ്ഖ് സായിദ് റോഡെന്നും വിളിക്കപ്പെട്ട പാതയിലെ ബുർജ് ഖലീഫ പ്രദേശം ബുർജ് ഖലീഫ റോഡെന്നാണ് ഇനി അറിയപ്പെടുക. ദുബായിലെ പേരുമാറ്റങ്ങളുടെ ഭാഗമായാണ് പുതിയ നാമകരണം. അതെ, തിരക്കേറിയ പ്രദേശത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഷെയ്ഖ് സായിദ് റോഡ് ഒരു സ്വപ്നഭൂമികയാണ്. ദുബായ് എന്ന നാട് പടുത്തുയർത്തിയ സ്വപ്നഭൂമിക.