ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പല സിനിമാതാരങ്ങളുടെ പേരുകളും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയെന്നാണ് പൊതുവിലുള്ള അടക്കം പറച്ചിൽ. അത്തരത്തിൽ ഉയർന്നു കേട്ട പേരാണ് നടൻ സിദ്ദിഖിന്റേത്. ജാതി-സമവാക്യങ്ങൾ അനുസരിച്ച് ആലപ്പുഴയിൽ കോൺഗ്രസ് പരിണിക്കുന്നത് സിദ്ദിഖിന്റെ പേരാണ് എന്നായിരുന്നു മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വാർത്തകൾ.
എന്നാൽ ഈ വിഷയത്തിൽ സിദ്ദിഖ് തന്നെ പ്രതികരിക്കുകയാണ് ഇപ്പോൾ. മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റിവലിൽ ആണ് തന്റെ അഭിനയ ജീവിതത്തെ കുറിച്ചും തന്റെ രാഷ്ട്രീയ പ്രവേശന വാർത്തകളെ കുറിച്ചും താരം വ്യക്തത നൽകിയത്.
ജാതി-മത-രാഷ്ടീയ-വിഭാഗീയ ചിന്തകളൊന്നുമില്ലാതെ എല്ലാവരും എന്നെ സ്നേഹിക്കണമെന്നാണ് സിദ്ദിഖ് നിലപാട് എടുത്തത്. എന്നിലെ നടനെ അംഗീകരിക്കണം എന്നതാണ് എന്റെ ചിന്തയെന്നും അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ മാത്രമാണ് എന്റെ പരിണാമങ്ങളുമെന്നും താരം പറയുന്നു. കൂട്ടത്തിൽ സിദ്ദിഖ് പറഞ്ഞ ഏറ്റവും ശ്രദ്ധേയമായ വാക്കുകൾ ഇങ്ങനെയാണ് ”പടച്ചോന്‍ എന്നെ സൃഷ്ടിച്ചത് സിനിമയ്ക്ക് വേണ്ടി മാത്രമാണെന്നും ഞാന്‍ കരുതുന്നു. അതുകൊണ്ട് രാഷ്ട്രീയത്തിലേക്കില്ല”. രാഷ്ട്രീയ പ്രവേശന വാർത്തകൾ ശക്തമായ ഭാഷയിലാണ് സിദ്ദിഖ് നിഷേധിച്ചിരിക്കുന്നത്.
രാഷ്ട്രീയ പ്രവേശന വാർത്തകളിൽ വ്യക്തത തന്നതിനോടൊപ്പം സിദ്ദിഖ് ഒരു കാര്യം കൂടി പറയാൻ വിട്ടില്ല! നിങ്ങള്‍ക്ക് എന്നെ ആവശ്യമില്ല. എനിക്കാണ് നിങ്ങളെ ആവശ്യമുള്ളത്. എന്നെ മടുക്കാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് ആരും മടുക്കരുതേ എന്നും സിദ്ദിഖ് പറയുന്നു.