പൊതുജനങ്ങൾക്ക് വേണ്ടി ഡ്രൈവറില്ലാ ടാക്സികൾ ഉടൻ നിരത്തിലിറങ്ങുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ഡ്രൈവറില്ലാ ടാക്‌സിയിൽ സഞ്ചരിക്കുന്ന ഒരു വീഡിയോയും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചിട്ടുണ്ട്. ‘ദുബായിലെ റോഡിൽ ഞങ്ങൾ ഓട്ടോമേറ്റഡ് സെൽഫ് ഡ്രൈവിംഗ് ടാക്‌സികൾ ഉടൻ പുറത്തിറക്കും എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഷെയ്ഖ് ഹംദാനോടൊപ്പം സെൽഫ് ഡ്രൈവിംഗ് കാറിനുള്ളിൽ ലെഫ്റ്റനന്റ് ജനറലും ഉണ്ടായിരുന്നു. ഡിജിറ്റൽ മാപ്പിംഗും വാഹനത്തിലുണ്ട്. പരീക്ഷണ ഘട്ടത്തിൽ ഒക്ടോബർ മുതൽ ജുമൈറ 1-ലെ ദുബായിലെ സ്ട്രീറ്റുകളിൽ ഡ്രൈവറില്ലാത്ത ടാക്സികൾ ഓടിത്തുടങ്ങിയിരുന്നു.
ജനറൽ മോട്ടോഴ്‌സിൻ്റെ ഉപസ്ഥാപനവും യുഎസ് ആസ്ഥാനമായുള്ള സെൽഫ്- ഡ്രൈവിംഗ് ടെക്നോളജി കമ്പനിയായ ക്രൂയിസ് നടത്തുന്ന ഡ്രൈവറില്ലാ ടാക്സികൾ പരീക്ഷണ ഘട്ടത്തിൽ ഇതുവരെ യാത്രക്കാരെ കൊണ്ടുപോയിരുന്നില്ല. എന്നാൽ തിരഞ്ഞെടുത്ത വ്യക്തികൾക്ക് ഈ വർഷം അവസാനത്തോടെ ക്രൂയിസ് ടാക്സികൾ എടുക്കാൻ അനുവദിക്കുമെന്ന് കമ്പനി അറിയിച്ചു. 2024ന്റെ രണ്ടാം പകുതിയോടെ ക്രൂയിസ് ടാക്സികളുടെ പൂർണ്ണ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ദുബായ് ആർടിഎ കൂട്ടിച്ചേർത്തു.