ചരിത്രപ്രസിദ്ധമായ ദേര ക്ലോക്ക് ടവറിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ദുബായ് മുനിസിപ്പാലിറ്റി. ഒരു കോടി ദിർഹം ചെലവഴിച്ചാണ് ടവറിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ക്ലോക്ക് ടവറിന്റെയും ചുറ്റുമുള്ള റൗണ്ട് എബൗട്ടിന്റെയും നവീകരണം കഴിഞ്ഞ മെയ് മാസത്തിലാണ് ആരംഭിച്ചത്.
1963-ൽ നിർമ്മിച്ച ക്ലോക്ക് ടവർ ഉമ്മു ഹുറൈർ സ്ട്രീറ്റിനും അൽ മക്തൂം സ്ട്രീറ്റിനും ഇടയിലാണ് സ്ഥിതിചെയ്യുന്നത്. ക്ലോക്ക് ഭംഗിയാക്കൽ, ടവർ തൂണുകളുടെ നവീകരണം, പൂന്തോട്ടം, നിലത്ത് പുതിയ കല്ലുകൾ പതിക്കൽ, ലൈറ്റിങ് സംവിധാനങ്ങൾ ഒരുക്കൽ, ഫൗണ്ടെയ്ൻ പുതുക്കൽ എന്നിവയാണ് നഗരസഭ ഇവിടെ പൂർത്തിയാക്കിയിരിക്കുന്നത്. നഗരം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദേര ക്ലോക്ക് ടവറും നവീകരിച്ചത്.