ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടർന്ന് ദുബായിൽ നിലച്ചുപോയ പൊതുഗതാഗത സംവിധാനങ്ങൾ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുന്നു. ടാക്സികളും ബസ്സ് സർവ്വീസുകളും സാധാരണ നിലയിലേക്ക് പുനസ്ഥാപിച്ചതായി ദുബായ് ആർടിഎ അറിയിച്ചു. അതേസമയം ചില റൂട്ടുകളിൽ പ്രതിബന്ധങ്ങൾ നിലവിലുണ്ടെന്നും അവ നീക്കം ചെയ്യാൻ ദ്രുതഗതിയിലുളള പ്രവർത്തനങ്ങൾ തുടരുകയാണെന്നും ആർടിഎ വ്യക്തമാക്കി.
എന്നാൽ ദുബൈ മെട്രോയുടെ പ്രവർത്തനം ഭാഗീകമായി മാത്രമാണ് നിലവിൽ വന്നത്. ഗ്രീൻ ലൈൻ ഇത്തസലാത്ത് സ്റ്റേഷൻ മുതൽ അബുഹൈൽ വരെയും, ക്രീക്ക് മുതൽ ഗോൾഡ് സൂഖ് വരെയും പുനരാരംഭിച്ചിട്ടുണ്ട്. റെഡ് ലൈനിൽ സെൻ്റർ പോയിൻ്റ് മുതൽ ബിസിനസ് ബേ വരെയും ജബൽഅലി മുതൽ എക്പോ 2020 വരെയും യാത്ര ചെയ്യാനാകും.
ട്രാമുകളുടെ പ്രവർത്തനം പൂർണമായി പുനസ്ഥാപിക്കാനായതായി ആർടിഎ അറിയിച്ചു. അതേസമയം എമിറേറ്റുകൾക്കിടയിലുളള ഇൻ്റർസിറ്റി ബസ്സുകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണ്. പ്രധാന പാതകളിലെ വെളളക്കെട്ട് ഒഴിവാക്കാനുളള നടപടികളാണ് തുടരുന്നത്. വിവിധ വകുപ്പുകൾ സംയുക്തമായാണ് ജനജീവിതം സാധാരണ നിലയിലെത്തിക്കാൻ അക്ഷീണം പ്രവർത്തിക്കുന്നത്.