പെയ്ഡ് പാർക്കിംഗ് സ്ലോട്ടുകളിലെ സ്മാർട്ട് സ്ക്രീനിംഗ് വാഹനങ്ങൾ ഈ വർഷം അവസാനത്തോടെ ഇരട്ടിയാക്കുമെന്ന് ദുബായ് റോഡ്സ് അൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ദുബായിലെ പൊതു പെയ്ഡ് പാർക്കിംഗ് സ്ലോട്ടകളുടെ 34 ശതമാനവും ദുബായ് ആർടിഎ യുടെ സ്മാർട്ട് സ്ക്രീനിംഗിന്റെ പരിധിയിലാണുള്ളത്. നിലവിൽ ഈ സ്ലോട്ടുകളുടെ നിരീക്ഷണത്തിൽ ഒൻപത് സ്മാർട്ട് സ്ക്രീനിംഗ് വാഹനങ്ങളാണ് ഇപ്പോഴുള്ളത്. ഈ വർഷം അവസാനത്തോടെ ഇത് 18 ആയി വർധിപ്പിക്കാനാണ് ആർടിഎ പദ്ധതിയിടുന്നത്.
പദ്ധതി പൂർത്തിയായാൽ ഏകദേശം 14,000 സ്ലോട്ടുകളോ ദുബായിലെ ആകെ പെയ്ഡ് പാർക്കിംഗ് സ്ഥലങ്ങളുടെ 70 ശതമാനവും ആർടിഎ നിരീക്ഷിക്കും. അതേസമയം സ്മാർട്ട് സ്ക്രീനിംഗ് വാഹനങ്ങൾക്ക് പാർക്കിംഗ് സ്ഥലത്തിന്റെ തരം പരിഗണിക്കാതെ എല്ലാ ദിശകളിലുമുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നിരീക്ഷിക്കാനും വായിക്കാനും ആർടിഎയ്ക്ക് കഴിയും. ഇത് കൂടാതെ ഇന്റലിജെന്റ് ട്രാഫിക് സിസ്റ്റങ്ങളുടെ കവറേജ് 60 ശതമാനം റോഡ് ശൃംഖലകളിൽ നിന്ന് 2026 ഓടെ 100 ശതമാനമാക്കി ഉയർത്തുകയാണ് ആർടിഎയുടെ ലക്ഷ്യം.