സ്വകാര്യ കമ്പനി ജീവനക്കാരുടെ സാമൂഹിക സുരക്ഷ ഫണ്ട് വിഹിതം നൽകുന്നത് വൈകിയാൽ ചുമത്തുന്ന പിഴ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഒമാനിലെ വിവിധ സ്ഥാപനങ്ങൾ. നിലവിൽ 13.5 ശതമാനം പിഴയാണ് സാമൂഹിക സുരക്ഷാ ഫണ്ട് വിഹിതം നൽകുന്നത് വൈകിയാൽ ചുമത്തുന്നത്.
ഇൻഷുറൻസ് നിയമപ്രകാരം കമ്പനി ജീവനക്കാരുടെ സാമൂഹിക സുരക്ഷാ ഫണ്ട് വിഹിതം മാസംതോറും ഉടമകൾ അടയ്ക്കണം. വിഹിതം അടക്കുന്നത് ഒരോ മാസവും 15 ദിവസത്തിൽ കൂടുതൽ വൈകിയാലാണ് 13.5 ശതമാനം പിഴയടയ്ക്കേണ്ടത്. ഈ തുക ജീവനക്കാരൻ്റെ ശമ്പളത്തിൽ നിന്ന് പിടിക്കരുതെന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ പിഴ ഇനത്തിൽ വരുന്ന തുക സ്ഥാപന ഉടമകളാണ് അടയ്ക്കേണ്ടി വരിക. ഇത് ചെറുകിട ഇടത്തരം കമ്പനികൾക്ക് താങ്ങാനാകില്ലെന്നാണ് സ്ഥാപന ഉടമകൾ പറയുന്നത്.
പലപ്പോഴും ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടാറുണ്ടെന്നും ഇതിനിടെ സാമൂഹിക സുരക്ഷ ഫണ്ട് വിഹിതം നൽകുന്നത് വൈകിയാൽ ചുമത്തുന്ന പിഴ അടയ്ക്കാൻ നിർവാഹമില്ലെന്നുമാണ് സ്ഥാപന ഉടമകൾ അവകാശപ്പെടുന്നത്. അതിനാൽ പിഴയുടെ ശതമാനം കുറയ്ക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. പ്രായമാകുമ്പോഴുള്ള സംരക്ഷണം, അംഗവൈകല്യം, മരണം, ജോലിസ്ഥലത്ത് വെച്ച് മുറിവേൽക്കൽ, തൊഴിൽപരമായ രോഗങ്ങൾ തുടങ്ങിയവയ്ക്ക് സഹായകമാവുന്നതാണ് സാമൂഹിക സുരക്ഷ ഫണ്ട്.