ഡെങ്കിപ്പനിയ്ക്കെതിരേ കരുതൽ നടപടികളുമായി ഒമാൻ. രോഗം പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനം തടയാൻ പൊതുജനങ്ങളോട് നിർദ്ദേശിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം. വീട്ടിലോ പരിസരങ്ങളിലോ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകുന്നതിന് കാരണമാകുമെന്നും പരസരശുചിത്വം പ്രധാനമെന്നും ഒമാൻ ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.
അലക്ഷ്യമായി വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങൾ, പാത്രങ്ങൾ, ടിന്നുകൾ, ടയറുകൾ, എയർ കണ്ടീഷണറുകൾ വെള്ളം ശേഖരിക്കുന്ന ടബ്ബുകൾ എന്നിവയിൽ കൊതുക് പെരുകാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്‌ടറേറ്റ് ജനറൽ ഫോർ ഡിസീസ് സർവൈലൻസ് ആൻഡ് കൺട്രോൾ ആണ് നിർദ്ദേശം നൽകിയിയത്.
കഠിനമായ പനി, തലവേദന, സന്ധികളിലും പേശികളിലും വേദന, കണ്ണുവേദന- ചുവപ്പ്, വിശപ്പില്ലായ്മ, രുചിയില്ലായ്മ, ഛർദ്ദി എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. മൂന്ന് മുതൽ നാല് ദിവസങ്ങളിലെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതും രോഗത്തിൻ്റെ രീതിയാണ്. കൃത്യസമയത്ത് ചികിത്സ തേടിയാൽ അപകടാവസ്ഥ ഒഴിവാക്കാനാകും.