ഒമാനില്‍ തൊഴിലാളികളുടെ മിനിമം വേതനം 400 റിയാലാക്കി ഉയര്‍ത്തുന്നത് പരിഗണനയിലെന്ന് തൊഴില്‍ മന്ത്രി പ്രഫ. മഹദ് അല്‍ ബവയ്ന്‍ അറിയിച്ചു. മന്ത്രിമാരുടെ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റിലേക്ക് പ്രാരംഭ ഡ്രാഫ്റ്റ് അയച്ചിട്ടുണ്ടെന്നും ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ് എക്സിബിഷന്‍ സെൻ്ററില്‍ ആരംഭിച്ച ‘ടുഗെദര്‍ വി പ്രോഗ്രസ്’ ഫോറം പരിപാടിയില്‍ മന്ത്രി വ്യക്തമാക്കി.
പ്രവാസികള്‍ക്ക് ജോലിയില്‍ തുടരാനുള്ള പരമാവധി പ്രായപരിധി 60 വയസ്സില്‍ നിന്നും ഉയര്‍ത്തിയത് രാജ്യത്തെ വ്യവസായ മേഖലക്ക് സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഒമാനി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പൂര്‍ണ ശമ്പളത്തോടെ പ്രസവാവധി 98 ദിവസമാക്കുമെന്ന് ധനമന്ത്രാലയം സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ജാഷ്മി അറിയിച്ചു. പുതിയ സാമൂഹിക സംരക്ഷണ നിയമത്തിലാണ് പ്രസവാവധി 50 ദിവസത്തില്‍ നിന്ന് 98 ആയി ഉയര്‍ത്തിയിരിക്കുന്നത്. വനിതാ ജീവനക്കാരോട് യാതൊരു തരത്തിലുള്ള പക്ഷപാതം ഉണ്ടാകാതിരിക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ ജനറല്‍ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച ‘ടുഗെദര്‍ വി പ്രോഗ്രസ്’ ഫോറത്തിൻ്റെ ഉദ്ഘാടനം സാംസ്‌കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് തെയാസിന്‍ ബിന്‍ ഹൈതം അല്‍ സഈദ് നിര്‍വഹിച്ചു. സര്‍ക്കാരും സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനുള്ള സുല്‍ത്താൻ്റെ കാഴ്ചപാടിൻ്റെ ഭാഗമായാണ് ‘ടുഗെദര്‍ വി പ്രോഗ്രസ്’ ഫോറമെന്ന് മന്ത്രിമാരുടെ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഷെയ്ഖ് അല്‍ ഫദല്‍ ബിന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി വ്യക്തമാക്കി.