ഒമാനിൽ വിദേശ നിക്ഷേപ കമ്പനികളിൽ സ്വദേശി നിയമനം നിർബന്ധമാക്കുന്നു. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ വിദേശ നിക്ഷേപകർ ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയത്. വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഏപ്രിൽ ഒന്ന് മുതൽ വിദേശ നിക്ഷേപക കമ്പനികളിൽ ഒമാനി ജീവനക്കാരെ നിയമിച്ചു തുടങ്ങണമെന്നാണ് നിർദേശം. ഒമാനി പൗരനെ നിയമിക്കുന്നതിന് പുറമെ അവരെ സോഷ്യൽ ഇൻഷുറൻസിന്റെ ജനറൽ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്നുമാണ് പുതിയ ഉത്തരവിൽ പറയുന്നത്.
പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിന് ശേഷവും തൊഴിൽ നിർദേശങ്ങൾ കമ്പനികൾ പാലിച്ചിട്ടില്ലെങ്കിൽ വിദേശ നിക്ഷേപ കമ്പനികൾക്കുള്ള ഇടപാടുകൾ നിരോധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കമ്പനികൾക്ക് 30 ദിവസത്തെ സമയം അനുവദിക്കുമെന്നും ഇതിനുശേഷവും പരിഹരിച്ചിട്ടില്ലെങ്കിൽ നടപടി നേരിടേണ്ടിവരുമെന്ന് നിർദേശത്തിലുണ്ട്.