ശമ്പളത്തിന് നികുതി ഏർപ്പെടുത്താനുള്ള നീക്കമാരംഭിച്ച് ഒമാൻ. അടുത്ത വർഷത്തോടെ ശമ്പളത്തിന് ഇൻകം ടാക്സ് ഏർപ്പെടുത്തുമെന്നാണ് സൂചന. നിയമം നടപ്പിലാകുന്നതോടെ ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഇത്തരമൊരു നടപടി സ്വീകരിക്കുന്ന രാജ്യമായി ഒമാൻ മാറും.
2020-ൽ ഇതുമായി ബന്ധപ്പെട്ട് കരട് നിയമം തയ്യാറാക്കിയിരുന്നു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ശൂറ കൗൺസിൽ കരട് നിയമം സ്‌റ്റേറ്റ് കൗൺസിലിന് കൈമാറിയിട്ടുണ്ട്. ഭരണകൂടത്തിൻ്റെ അന്തിമ അനുമതി ലഭിക്കുന്നതിന് പിന്നാലെ 2025ൽ നികുതി ഏർപ്പെടുത്താനാണ് നീക്കം നടക്കുന്നത്. തുടർന്ന് ഭാവിയിൽ മറ്റു ഗൾഫ് രാജ്യങ്ങളിലും ഇത്തരത്തിൽ ആദായ നികുതി നിലവിൽ വരുമെന്നാണ് സാമ്പത്തിക വിദഗ്‌ധർ സൂചിപ്പിക്കുന്നത്.
ഒമാനിൽ നടപ്പാക്കുന്ന നികുതി സ്വദേശികളെയും ഭൂരിപക്ഷം പ്രവാസികളെയും ആദ്യ ഘട്ടത്തിൽ ബാധിക്കില്ലെന്നാണ് സൂചന. 5 മുതൽ 9 ശതമാനമായിരിക്കും ആദായ നികുതിയായി ഈടാക്കുക. എന്നാൽ നികുതി അടയ്ക്കുന്നതിനുള്ള പ്രവാസികളുടെ വരുമാന പരിധി ഒരു ലക്ഷം ഡോളറും സ്വദേശികൾക്ക് 10 ലക്ഷം ഡോളറുമായിരിക്കുമെന്നാണ് റിപ്പോർട്ട്.