ഒമാനിൽ പ്രകൃതിദത്ത ഔഷധങ്ങൾ വില്പന നടത്തുന്നതിൽ നിയന്ത്രണമേർപ്പെടുത്തി അധികൃതർ. ഒറ്റമൂലികളും പച്ചമരുന്നുകളും ഉൾപ്പെടെയുള്ള പ്രകൃതിദത്ത ഔഷധങ്ങളുടെ വില്പനയാണ് കർശന ഉപാധികളോടെ നിയന്ത്രിച്ചത്. ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും അംഗീകാരം നേടിയ ശേഷം മാത്രമേ ഇത്തരം ഔഷധങ്ങൾ രാജ്യത്ത് വില്പന നടത്താൻ പാടുള്ളു.
ഗുളികകൾ, ഓയിൻമെൻ്റുകൾ, ദ്രവ-ഘന-പൊടി രൂപത്തിലുള്ള എല്ലാ ഇനം ഔഷധ വസ്തുക്കൾ വിൽക്കുന്നതിനും നിയന്ത്രണം ബാധകമാണ്. നിയമം ലംഘിക്കുന്നവർക്ക് 50 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഒമാൻ ആരോഗ്യ മന്ത്രലയത്തിൻ്റെ അംഗീകാരമില്ലാതെ പരസ്യങ്ങൾ നൽകുന്നതിനും അംഗീകാരമില്ലാത്ത മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്നതിലും നിയന്ത്രണം ബാധകമാണ്.
നിയമം കർശനമാക്കുന്നതിന്റെ ഭാഗമായി പ്രകൃതിദത്ത ഔഷധങ്ങൾ വില്പന നടത്തുന്ന സ്ഥാപനങ്ങളിലും കടകളിലും ഉപഭോതൃ സംരക്ഷണ അതോറിറ്റി അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു. പല സ്ഥാപനങ്ങളിൽനിന്നും കണ്ടെടുത്ത ഇത്തരം മരുന്നുകൾ പിടിച്ചെടുക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.