ഒമാനിൽ സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള മാർക്കറ്റിങ്ങിന് നിർദേശിച്ച നിബന്ധനകളും ചട്ടങ്ങളും കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നതായി അധികൃതർ. ഇ-കൊമേഴ്സ് ഇടപാടുകൾക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യാജ പരസ്യങ്ങളെ നിയന്ത്രിക്കുന്നതിനും വ്യാപാരികളെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് അധികൃതരുടെ നീക്കം. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ബൈലോ പുറത്തിറക്കിയത്.
സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പ്രമോട്ടർമാർ ഇതിനായി ലൈസൻസ് നേടണമെന്നാണ് പ്രധാൻ വ്യവസ്ഥ. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിൻ്റെ വാണിജ്യ കാര്യ, ഇലക്ട്രോണിക് ട്രേഡ് വകുപ്പിൽ നിന്നാണ് ലൈസൻസുകൾ കരസ്ഥമാക്കേണ്ടത്.
ഇൻവെസ്റ്റ് ഈസി പോർട്ടലിലൂടെ ഓൺലൈനായി ലൈസൻസിന് അപേക്ഷിക്കാം. ഒരു വർഷം മുതൽ മൂന്ന് വർഷം വരെയുള്ള കാലയളവുകളിൽ ലൈസൻസ് തിരഞ്ഞെടുക്കാനാകും. കമ്പനി വാണിജ്യ രജിസ്ട്രേഷൻ നടത്തിയതായിരിക്കണം. അതേസമയം ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിരർബന്ധമില്ല.
അപേക്ഷ നൽകി 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. അപേക്ഷ അംഗീകരിച്ചാൽ ഇ-മാർക്കറ്റിങ്ങിനും പ്രമോഷൻ പ്രവർത്തനങ്ങൾക്കുമായി ലൈസൻസ് നൽകും. ലൈസൻസുകൾ കാലാവധിക്ക് ശേഷം പുതുക്കാവുന്നതാണ്.എന്നാൽ വ്യവസ്ഥകൾ ലംഘിച്ചാൽ പിഴയും നിയമനടപടികളും വിലക്കും നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.