ഒമാനിൽ ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപാദനവും ഇറക്കുമതിയും വിപണനവും നിരോധിക്കുന്നു. നിരോധനം ജൂലൈ 22 മുതൽ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കി ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം ഈ ഉത്തരവിറങ്ങി ആറു മാസത്തിന് ശേഷമാണ് നിയമം പ്രാബല്യത്തിൽ വരാൻ പോകുന്നത്. ഇ 171 എന്നപേരിൽ അറിയപ്പെടുന്ന ടൈറ്റാനിയം ഡയോക്സൈഡ് (TIO2) ഭക്ഷ്യവസ്തുക്കൾ നിറവും ഭംഗിയും നൽകുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം പെയിന്റുകൾ, ഫാർമസിക്യൂട്ടിക്കൽ, കോസ്മറ്റിക്, കോട്ടിങ്ങുകൾ, ടൂത്ത് പേസ്റ്റ് എന്നിവയിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇ 171 തീരെ ചെറുതായതിനാൽ സൂക്ഷ്മഘടക വിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നത്. ഇത്തരം സൂക്ഷ്മ ഘകടങ്ങൾ ഉള്ള ഉൽപന്നങ്ങൾക്ക് ശരീരത്തിന്റെ പ്രകൃതിദത്തമായ പ്രതിരോധ മാർഗങ്ങളെ മറികടന്ന് കരൾ, ശ്വാസകോശം, ദഹനേന്ദ്രിയ സംവിധാനം എന്നിവയിലേക്ക് പ്രവേശിക്കാൻ കഴിയുന്നവയാണ്.
ഭക്ഷ്യവസ്തുക്കളിൽ കോഫി ക്രീമർ, കാൻഡി, ചില ബേക്കറി ഇനങ്ങൾ എന്നിവയിലും കേക്ക് അലങ്കരിക്കാനുമാണ് ഇ171 പ്രധാനമായും ഉപയോഗിക്കുന്നത്. ചില ഇനം പാൽ ഉൽപന്നങ്ങൾ, ച്യൂയിങ്കം, ചോക്ലറ്റുകൾ എന്നിവയിലും ഇവയുടെ ഘടകങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ചെറിയ അളവിൽ ഇതു ശരീരത്തിൽ എത്തുന്നതിന് വലിയ കുഴപ്പമുണ്ടാക്കില്ല. എന്നാൽ വലിയ അളവിൽ എത്തുന്നത് കാൻസർ, ഡിഎൻഎ മാറ്റം എന്നിവയ്ക്ക് കാരണമായേക്കാം. കണ്ണിൽ ഇവയുടെ ഘടകം എത്തുന്നത് കണ്ണ് ചൊറിച്ചിലിന് കാരണമാകും. കൂടാതെ ഇൻഹേലർ ചെയ്യുമ്പോൾ ഇ171 അംശങ്ങളുടെ ഘടകങ്ങൾ ഉള്ളിൽ പ്രവേശിക്കുന്നത് ശ്വാസകോശ കാൻസറിന് കാരണമാക്കുമെന്നും വിദഗ്ദർ പറയുന്നു.