സ്റ്റീൽ കോംപ്ലക്സിൽ നിന്ന് യുഎഇയിലേക്ക് റെയിൽവേ ലൈൻ വഴി ചരക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഇത്തിഹാദ് റെയിൽ കമ്പനിയും ജിൻഡലുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ധാരണാപ്രകാരം വർഷം 40 ലക്ഷം ടൺ അസംസ്കൃത വസ്തുക്കളും ഇരുമ്പ് ഉൽപന്നങ്ങളും സോഹാറിൽ നിന്ന് എഇയിലേക്ക് റെയിൽ മാർഗം എത്തിക്കാൻ ജിൻഡലിന് സാധിക്കും. കൂടാതെ ഇരുമ്പ് ഉൽപന്നങ്ങളുടെ കയറ്റ്, ഇറക്ക് ജോലികൾക്ക് ആവശ്യമായ സാങ്കേതിക സഹായവും റെയിൽ കമ്പനി ചെയ്യും.
അതേസമയം റോഡ് മാർഗം ഇരുമ്പ് എത്തിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ മലിനീകരണ പ്രശ്നങ്ങൾ ഉൾപ്പെടെ പുതിയ സംവിധാനത്തിലൂടെ ഇല്ലാതാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കുറഞ്ഞ ചെലവിൽ കൂടുതൽ ചരക്ക് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇതിലൂടെ കമ്പനിക്കു കഴിയുകയും ചെയ്യും. കൂടാതെ പ്രകൃതി സൗഹൃദ ഗതാഗത സംവിധാനവും ചരക്കു നീക്കവുമാണ് ഇതിലൂടെ ഒമാനും യുഎഇയും ഉറപ്പു വരുത്തുന്നതെന്നും റെയിൽ കമ്പനി അധികൃതർ അറിയിച്ചു.
ലോകോത്തര കമ്പനികളുമായി ചരക്ക് ഗതാഗതത്തിൽ ഒമാൻ ഇത്തിഹാദ് റെയിൽ കമ്പനി കരാറിൽ ഏർപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അതേസമയം പുതിയ ഇടനാഴികൾ സൃഷ്ടിച്ച് ചരക്ക് നീക്കം സുഗമമാക്കുന്നതിനൊപ്പം വാഹനങ്ങൾ വഴിയുണ്ടാകുന്ന മലനീകരണം ഇല്ലാതാക്കലും ഇതുവഴി കമ്പനി ലക്ഷ്യമിടുന്നുണ്ട്.