ദുബായിൽ പുതിയ യൂണിവേഴ്സിറ്റി വരുന്നു. ശോഭ റിയൽറ്റിയുടെ 400 മില്യൺ ദിർഹം സംഭാവനയുടെ പിന്തുണയോടെ ദുബായിൽ പുതിയ യൂണിവേഴ്സിറ്റി നിർമ്മിക്കുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആരംഭിച്ച മദേഴ്സ് എൻഡോവ്മെന്റ് ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് പദ്ധതി. ശോഭ റിയാലിറ്റിയിൽ നിന്നുള്ള 400 മില്യൺ ദിർഹം (108.9 മില്യൺ ഡോളർ) സംഭാവനയും ഇതിന് പിന്തുണ നൽകിയിട്ടുണ്ട്.
സർവകലാശാല സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഞങ്ങൾ ഇന്ന് ഒപ്പുവച്ചു. ഈ സംരംഭത്തെ പിന്തുണച്ചതിന് ഗ്രൂപ്പിന്റെ സ്ഥാപകനായ പിഎൻസി മേനോനോട് ഞങ്ങൾ നന്ദി പറയുന്നുവെന്ന് ഷെയ്ഖ് ഹംദാൻ എക്സിൽ കുറിച്ചു. വിദ്യാഭ്യാസരംഗത്ത് ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരം ഈ യൂണിവേഴ്സിറ്റി കൈവരിക്കുമെന്ന് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു. ശോഭ റിയാലിറ്റിയുമായി ഒപ്പുവച്ച ചാരിറ്റബിൾ ഗ്രാന്റ് കരാർ മദേഴ്സ് എൻഡോവ്മെന്റ് ക്യാമ്പെയ്നിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.