ദുബായിൽ ജലഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി രണ്ട് ജലപാതകൾ കൂടി തുറന്നു. ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ദുബായ് ക്രീക്ക് ഹാർബർ മേഖലയിലെ താമസക്കാർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ജലപാതകൾ ആരംഭിച്ചത്.
ഇമാർ പ്രോപ്പർട്ടീസുമായി സഹകരിച്ചാണ് ആർടിഎ ദുബായിൽ പുതിയ ജലപാതകൾ വികസിപ്പിച്ചത്. ദുബായ് ക്രീക്ക് ഹാർബറിനും ദുബായ് ഫെസ്റ്റിവൽ സിറ്റിക്കും ഇടയിലാണ് ഒരു ലൈൻ. അൽ ജദ്ദാഫ് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനെയും അൽ ഖോർ മെട്രോ സ്റ്റേഷനെയും ദുബായ് ക്രീക്ക് ഹാർബറുമായി ബന്ധിപ്പിക്കുന്നതാണ് രണ്ടാമത്തെ ലൈൻ. ഓരോ സ്റ്റോപ്പിനും രണ്ട് ദിർഹമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
ആദ്യത്തെ ലൈനിലുള്ള സർവ്വീസ് വാരാന്ത്യ ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ രാത്രി 11.55 വരെയാണ് പ്രവർത്തിക്കുക. രണ്ടാമത്തേത് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7.30 മുതൽ 10.50 വരെയും വൈകിട്ട് നാല് മുതൽ രാത്രി 10.50 വരെയും പ്രവർത്തിക്കും.