കുട്ടികളുടെ സംരക്ഷണ കേസുകളിൽ തീരുമാനമെടുക്കാൻ പുതിയ കമ്മിറ്റി രൂപീകരിച്ച് ദുബായ്. ആവശ്യമായ പരിശോധനകൾ നടത്തി വസ്തുതകൾ ജഡ്ജിമാരെ ധരിപ്പിക്കുകയാണ് കമ്മറ്റിയുടെ ഉത്തരവാദിത്വം. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദിന്റെ തീരുമാനത്തെ തുടർന്ന് ഏപ്രിലിലാണ് ആറംഗ സംഘത്തിന് രൂപം നൽകിയത്.
കുട്ടികളുടെ സംരക്ഷണത്തിന് പ്രാധാന്യം
കുട്ടികളുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കിയുളള പരിശോധനാ റിപ്പോര്‍ട്ടാണ് കമ്മറ്റി സമര്‍പ്പിക്കേണ്ടത്. രണ്ട് മാതാപിതാക്കളുടെയും സാമൂഹിക, സാമ്പത്തിക, കുടുംബ സാഹചര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള എല്ലാ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കണം. കമ്മിറ്റി അംഗങ്ങൾ ഫീൽഡ് സന്ദർശനങ്ങളിലൂടെ ഇക്കാര്യം ഉറപ്പാക്കണം.
പുനര്‍വിവാഹം, വിവാഹമോചനം, കുട്ടികളെ ഉപേക്ഷിക്കുന്ന മറ്റ് സാഹചര്യങ്ങൾ എന്നിവയ്ക്കൊപ്പം കുട്ടികളെ സംരക്ഷിക്കുന്നവരുടെ സാമൂഹിക, മാനസിക, ക്രിമിനൽ, ആരോഗ്യ പശ്ചാത്തലങ്ങളും കമ്മറ്റി പരിശോധനയ്ക്ക് വിധേയമാക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിതാവിന്റേയും മാതാവിന്റേയും ഉത്തരവാദിത്വങ്ങളും അവരുടെ സാഹചര്യങ്ങളും വിലയിരുത്തിയാണ് കോടതി നിഗമനത്തിലെത്തുക.
മുമ്പ് കോടതിയ്ക്ക് മുമ്പിലെത്തുന്ന രേഖകളുടെ മാത്രം അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞിരുന്നത്
ആറംഗ കമ്മിറ്റിയില്‍ ആരൊക്കെ?
കമ്മിറ്റിയിലെ അംഗങ്ങളില്‍ രണ്ടുപേര്‍ ദുബായ് കോടതി ജീവനക്കാരും എമിറേറ്റിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയിൽ നിന്നുള്ള രണ്ട് പേരും ആയിരിക്കണം. അവരിൽ ഒരാൾ ശിശു സംരക്ഷണ യൂണിറ്റ് അംഗമാകണമെന്ന വ്യവസ്ഥയുമുണ്ട്. മറ്റ് രണ്ട് അംഗങ്ങൾ ദുബായ് പോലീസിലെ കുട്ടികളുടെ സംരക്ഷണ വിഭാഗത്തിൽ നിന്നുള്ളവരാണ്.
കുട്ടികളുടെ പ്രായം, പഠനം, സംരക്ഷണം തുടങ്ങിയവും കണക്കിലെടുക്കും. കുട്ടി സുരക്ഷിതമായ കൈകളിലായിരിക്കുമെന്ന പൂർണ്ണ വിശ്വാസത്തോടെ തീരുമാനങ്ങൾ എടുക്കാൻ കമ്മറ്റി ജഡ്ജിമാരെ സഹായിക്കുമെന്ന് ദുബായ് കോർട്ട് ഓഫ് പേഴ്സണൽ സ്റ്റാറ്റസ് ചീഫ് ജസ്റ്റിസ് ഖാലിദ് അൽ ഹൊസാനി വ്യക്തമാക്കി.