ദുബായ് ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് ഹാർബറിലേക്കുള്ള പുതിയ പാലം യാഥാർത്ഥ്യമാകുന്നു. ഇതോടെ കടൽത്തീരത്തോട് ചേർന്നുള്ള ജില്ലകളിലേയ്ക്കുള്ള യാത്രാ സമയം 3 മിനിറ്റായി കുറയ്ക്കും. നിലവിൽ 12 മിനുറ്റ് വരുന്ന യാത്രാ സമയമാണ് മൂന്നായി കുറയുന്നത്. 1,500 മീറ്റർ നീളമുള്ള പാലത്തിൽ ഓരോ ദിശയിലും രണ്ടുവരി പാതകളോടെയായിരിക്കും പാലം നിർമ്മിക്കുക.
ദുബായ് ഹാർബറിലേക്കുള്ള നേരിട്ടുള്ള എൻട്രി/എക്സിറ്റ് പോയിന്റായാണ് ഈ പാലം പ്രവർത്തിക്കുകയെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മാത്തർ അൽ തായർ പറഞ്ഞു. മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്ന വിധത്തിലാണ് പാലം നിർമ്മിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
പാലം ഷെയ്‌ഖ് സായിദ് റോഡിലെ (ദുബായിലെ അമേരിക്കൻ യൂണിവേഴ്സിറ്റിക്ക് സമീപം) അഞ്ചാമത്തെ ജംഗ്ഷൻ മുതൽ ദുബായ് ഹാർബർ സ്ട്രീറ്റ് ജംഗ്ഷൻ വരെയാണ് നീളുന്നത്. ഈ പാലം അൽ നസീം സ്ട്രീറ്റിന്റെ അൽ ഫലക് സ്ട്രീറ്റും കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റും കടന്നാണ് ദുബായ് ഹാർബർ വരെ എത്തുന്നത്.