സിനിമ നന്നായാൽ പ്രേക്ഷകർ നല്ല മാർക്ക് നൽകുമെന്ന് മമ്മൂട്ടി. ഒരു സിനിമയ്ക്ക് എതിരേ മനപൂർവ്വം പ്രേക്ഷകർ മാർക്കിടുമെന്ന് കരുതുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. തൻ്റെ പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡിൻ്റെ പ്രചരണാർത്ഥം ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ തുടങ്ങുമ്പോഴും ചിത്രീകരണ സമയത്തും മറ്റും എല്ലാവർക്കും വലിയ ആവേശമാണ് ഉണ്ടാകാറുളളത്. എന്നാൽ റിലീസിനോട് അടുക്കുമ്പോൾ പരിഭ്രമവും ആശങ്കയും വർദ്ധിക്കും. ഇക്കാര്യത്തിൽ എല്ലാവരുടേയും മനസ്സ് ഒരുപോലെയാണ്. വർഷം മുഴുവൻ പഠിച്ച് പരീക്ഷ എഴുതിയ ശേഷം റിസർട്ട് കാത്തിരിക്കുന്നതിന് സമമാണ് സിനിമജീവിതമെന്നും മമ്മൂട്ടി സൂചിപ്പിച്ചു.
പ്രേക്ഷകരിലാണ് സിനിമാക്കാരുടെ പ്രതീക്ഷ. ഓരോരുത്തർക്കും വെത്യസ്തമായ അഭിപ്രായമുണ്ടാകാം, എന്നാൽ അഭിപ്രായങ്ങൾ സ്വതന്ത്രമായിരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.ഓടുന്ന സിനിമ മാത്രം എടുക്കാനുളള തന്ത്രം ഉണ്ടായിരുന്നെങ്കിൽ തൻ്റെ എല്ലാ സിനിമയും വിജിയിച്ചേനേ എന്നും മമ്മൂട്ടി വ്യക്തമാക്കി.
കണ്ണൂർ പൊലീസിലെ ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട കഥയാണ് കണ്ണൂർ സ്ക്വാഡ് പറയുന്നത്. ചിത്രത്തിലെ നായകനായ പൊലീസ് ഉദ്യോഗസ്ഥന് പ്രത്യേക അധികാരമുളളവനോ വീരശൂര പരാക്ക്രമിയൊ അല്ലെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ പടമാണ് കണ്ണൂർ സ്ക്വാഡ്. എന്നാൽ പ്രത്യേക അവകാശവാദങ്ങൾ ഉന്നിയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സ്ക്വാഡിന് രണ്ടാം ഭാഗം ഉണ്ടായേക്കാമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മമ്മൂട്ടി മറുപടി നൽകി.