കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയ്ക്കാണ് യുഎഇ സക്ഷ്യം വഹിച്ചത്. പല റോഡുകളിലും വെള്ളക്കെട്ടുണ്ടായി. താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറി. പ്രവാസികൾ ഉൾപ്പെടെ നിരവധി പേരുടെ വാഹനങ്ങൾക്ക് ചെറിയ തോതിലുള്ള കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
ഇത്തരം വാഹനങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം നേടിയെടുക്കാനുള്ള നടപടിക്രമങ്ങൾക്ക് സാധാരണയായി പൊലീസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ആയതിനാൽ മഴയിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് ഓൺലൈൻ വഴി പൊലീസ് സർട്ടിഫിക്കറ്റ് നേടാമെന്ന് വ്യക്തമാക്കുകയാണ് ദുബായ് പൊലീസ്. അബുദാബിയിലെ താമസക്കാർക്ക് അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ പൊലീസ് ട്രാഫിക് ഡിപ്പാർട്ട്മെന്റുകൾ സന്ദർശിച്ച് തങ്ങളുടെ വാഹനങ്ങളുടെ മഴ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാനും സർട്ടിഫിക്കറ്റുകൾ നേടാനും കഴിയും.
സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വാഹനങ്ങൾ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവരേണ്ടതില്ല. പകരം കേടുപാടുകൾ സംഭവിച്ച വാഹനത്തിൻറെ ഫോട്ടോ അയച്ചാൽ മതിയെന്നും ദുബായ് പൊലീസ് പറയുന്നു. ദുബായ് പൊലീസിന്റെ ആപ്പിലും സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി പൂർത്തിയാക്കാമെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡയറക്ടർ ബ്രിഗേഡിയർ മൻസൂർ അൽ ഖർഗൗയി അറിയിച്ചു. അപേക്ഷക്കൊപ്പം കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ ഫോട്ടോയും ചേർക്കണം. ഒന്നോ രണ്ടോ പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ സർട്ടിഫിക്കറ്റ് ഇലക്ട്രോണിക് ആയി ലഭിക്കും. 95 ദിർഹമാണ് നിരക്ക്.