അശ്രദ്ധമായി വണ്ടി ഓടിച്ച് അപകടം വരുത്തി വയ്ക്കരുതെന്ന മുന്നറിയിപ്പുമായി ഒമാൻ റോയൽ പോലീസ്. ഗതാഗത അപകടങ്ങൾ കുറയ്ക്കുന്നതിനും റോഡുകളിലെ സുരക്ഷ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി ആർ.ഒ.പി ഹെവി, ലൈറ്റ് വാഹനങ്ങൾക്കായി ഒമാൻ ഹൈവേ കോഡ് സംബന്ധിച്ച കൈപ്പുസ്തകങ്ങൾ പുറത്തിറക്കിയിരിക്കുകയാണിപ്പോൾ. ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളം സുരക്ഷിതമായ ഡ്രൈവിങ് രീതികളെക്കുറിച്ചുള്ള നിർണായകമായ അറിവ് ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള ആർ.ഒ.പിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണിത്.
ട്രാഫിക് അപകടങ്ങളും അതിന്റെ അനന്തരഫലങ്ങളും കുറയ്ക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയാണ് ഈ കൈപ്പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കിലെ അസിസ്റ്റൻറ് ഡയറക്ടർ ഓഫ് ട്രാഫിക് എൻജിനീയറിങ് ആൻഡ് ടെക്നിക്കൽ അഡ്വൈസർ എൻജിനീയർ ഫാത്തിമ ബിൻത് അബ്ദുല്ല അൽ റിയാമിയ പറഞ്ഞു. ജനങ്ങളിൽ ട്രാഫിക് സുരക്ഷ അവബോധം വർധിക്കുകയും സുരക്ഷിതമായ ഡ്രൈവിങ് രീതികളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റോഡ് ഉപയോക്താക്കളിലേക്ക് പുസ്തകം എത്തിക്കുന്നതിന് വേണ്ടി വിവിധങ്ങളായ മാർഗങ്ങളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ഗൾഫ് ട്രാഫിക് വാരത്തിലെ ട്രാഫിക് സുരക്ഷാ എക്സിബിഷനുകളിലും ഗവർണറേറ്റുകളിലുടനീളമുള്ള ട്രാഫിക് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴിയും ഹാൻഡ്ബുക്കുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഫാത്തിമ പറഞ്ഞു.
ഹാൻഡ്ബുക്കുകൾ വെബ്സൈറ്റിൽനിന്ന് പി.ഡി.എഫ് ഫോർമാറ്റിലും ഡൗൺലോഡ് ചെയ്യാവുന്നതാണ്. എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ക്യു.ആർ കോഡുകളുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡ്രൈവിങ് ലൈസൻസ് എങ്ങനെ നേടാം, സുരക്ഷിതമായ ഡ്രൈവിങ്, പൊതുസുരക്ഷാ നടപടികൾ എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളാണ് ലൈറ്റ് വെഹിക്കിളുകൾക്കായുള്ള ഒമാൻ ഹൈവേ കോഡിന്റെ ഉള്ളടക്കത്തിൽ അടങ്ങിയിട്ടുള്ളത്. ഇത് പ്രത്യേകിച്ചും ഒമാനിൽ ആദ്യമായി വാഹനമോടിക്കുന്ന സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഏറെ ഉപകാരപ്പെടും. മാത്രമല്ല, രാജ്യത്തിന്റെ ട്രാഫിക് നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ നൽകുന്നുണ്ട്. ഗതാഗതക്കമ്പനികൾ, ഹെവി വെഹിക്കിൾ ഡ്രൈവർമാർ, സുരക്ഷിതമായ ഡ്രൈവിങ് ടെക്നിക്കുകൾ, സുരക്ഷ നിയമങ്ങൾ പാലിക്കൽ, തൊഴിൽ, ആരോഗ്യം, നൂതന റോഡ് സുരക്ഷ പരിഹാരങ്ങൾ സ്വീകരിക്കൽ എന്നിവയിൽ ഊന്നൽ നൽകുന്ന കാര്യങ്ങളാണ് ഹെവി വെഹിക്കിൾ പതിപ്പിൽ വരുന്നത്.