നഗര വികസനത്തിന്റെ പുത്തൻ മുഖമായി മാറുന്ന സുൽത്താൻ ഹൈതം സിറ്റിയിൽ ‘ഫ്യൂച്ചറിസ്റ്റിക് യൂണിവേഴ്സിറ്റി’ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമിട്ട് ഒമാൻ ഭവന നഗര ആസൂത്രണ മന്ത്രാലയം. സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ഒപ്പുവെച്ചതോടെയാണ് പുതിയ ഐക്കണിക് നഗര ഭൂപ്രകൃതിക്ക് മന്ത്രാലയം തുടക്കമിട്ടത്.
സീബ് വിലായത്തിലാണ് ഹൈതം സിറ്റി ഒരുങ്ങുന്നത്. 14.8 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വിഭാവനം ചെയ്തിരിക്കുന്ന സാംസ്കാരിക, മത, വാസ്തുവിദ്യ, സിവിൽ എന്നിങ്ങനെയുള്ള നിരവധി കെട്ടിടങ്ങളിലൊന്നാണ് നിർദിഷ്ട ‘ഫ്യൂച്ചറിസ്റ്റിക് യൂണിവേഴ്സിറ്റി’. ഇത് സ്ഥാപിക്കുന്നതിന്റെ ആദ്യപടിയെന്ന നിലയിൽ പുതിയ വിദ്യാഭ്യാസ ലാൻഡ്മാർക്കിന്റെ രൂപകൽപ്പനയ്ക്കും മേൽനോട്ടത്തിനുമായി കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നതിനുള്ള കരാറിനായി യോഗ്യതയുള്ള അന്താരാഷ്ട്ര കൺസൾട്ടന്റുമാരിൽ നിന്ന് മന്ത്രാലയം ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. 2024 ഫെബ്രുവരി ആറിനാണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി.
സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സ്ട്രാബാഗ് ഒമാൻ കമ്പനിയുമായാണ് ഭവന, നഗരാസൂത്രണ മന്ത്രാലയം കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. ഏഴു ദശലക്ഷം റിയാലിന്റെ ഈ കരാറിൽ റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുക, വാദികളിലൂടെയുള്ള മഴവെള്ള പാതകൾ സ്ഥാപിക്കുക, സെൻട്രൽ പാർക്കിനോടു ചേർന്നുള്ള പ്രദേശം വികസിപ്പിക്കുക എന്നിവയാണ് കരാറിന്റെ പരിധിയിൽ വരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ആദ്യഘട്ടം ഡിസംബർ 28ന് ആരംഭിച്ച് മൂന്നുമാസംകൊണ്ടു പൂർത്തിയാക്കും. 1.6 ദശലക്ഷം ചതുരശ്ര മീറ്റർ സെൻട്രൽ പാർക്ക് സ്ഥാപിക്കൽ, മൊത്തം 35 കിലോമീറ്റർ വിസ്തൃതിയിൽ മറ്റു ഘടകങ്ങൾ ഒരുക്കൽ എന്നിവയിതിൽ ഉൾപ്പെടും.
സീബ് വിലായത്തിൽ ഏകദേശം 15 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ആധുനിക സൗകര്യങ്ങളടങ്ങിയ ‘സുൽത്താൻ ഹൈതം സിറ്റി’ ഒരുങ്ങുന്നത്. 2,900,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ നഗരം 20,000 ഭവന യൂനിറ്റുകളിലായി 100,000 പേർക്ക് താമസസൗകര്യം നൽകും. 2.9 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ലാൻഡ്സ്കേപ്പുകൾ, 19 സംയോജിത അയൽപക്കങ്ങൾ (ടൗൺഹൗസുകൾ, അപ്പാർട്ട്മെന്റുകൾ മുതലായവ), 25 മസ്ജിദുകൾ, 39 സ്കൂളുകൾ, ഒരു റഫറൽ ഹോസ്പിറ്റൽ, വാണിജ്യ-അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ 11 ആരോഗ്യ സൗകര്യങ്ങൾ, കായിക സൗകര്യങ്ങൾ, സെൻട്രൽ പാർക്ക്, ഒരു യൂണിവേഴ്സിറ്റി, വിശാലമായ നടപ്പാത, മാലിന്യത്തിൽ നിന്ന് ഊർജ ഉൽപാദനം, വൈദ്യുതിക്കായി സൗരോർജം, മലിനജല സംസ്കരണം തുടങ്ങിയവ ഈ സിറ്റിയുടെ സവിശേഷതകളാണ്. കൂടാതെ സുസ്ഥിര നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഒമാനിലെ യുവാക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള പുത്തൻ ചുവടുവെപ്പുകൂടിയാണ് ഹൈതം സിറ്റിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.