ഒമാനിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സൗജന്യ ചികിത്സ ലഭ്യമാക്കും. വിവിധ അതിർത്തികൾ വഴി വരുന്ന വിദേശ സഞ്ചാരികൾക്കെല്ലാം അടിയന്തര ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ഫിനാൻഷ്യൻ സർവീസസ് അതോറിറ്റി ബോർഡ് ചെയർമാൻ സുൽത്താൻ ബിൻ സാലിം അൽ ഹബ്‌സി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
സന്ദർശകർക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ച് അതുവഴിയാണ് ചികിത്സയുടെ ചെലവുകൾ വഹിക്കുക. ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനും ഒരു കമ്മിറ്റി രൂപീകരിക്കും. ആരോഗ്യ പരിചരണ സഹായത്തിനുള്ള അഭ്യർത്ഥനകൾ കമ്മിറ്റി പഠിക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷമാകും തുടർനടപടി. ചികിത്സയിൽ ആരോഗ്യ ഇൻഷുറൻസ് ക്ലയിം ചെയ്യുന്നതും കമ്മിറ്റിയായിരിക്കും. സന്ദർശന വീസ, ആശുപത്രി സേവനം ആവശ്യമായി വന്ന അടിയന്തര ആരോഗ്യ സ്ഥിതിയുടെ തെളിവുകൾ, അടിയന്തര ചികിത്സാ ചെലവുകൾ നൽകാൻ സന്ദർശകന് കഴിവില്ലെന്ന് ബോധ്യപ്പെടുത്തുന്ന രേഖകൾ എന്നിവയാണ് സൗജന്യ ചികിത്സ ലഭിക്കാൻ സന്ദർശകർ സമർപ്പിക്കേണ്ടത്.
പരമാവധി 5,000 റിയാൽ ആയിരിക്കും സഹായം ലഭ്യമാകുക. സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ അടിയന്തര സാഹചര്യങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള ഇൻഷുറൻസ് കവറേജ് പരിധി തീർന്നുപോകൽ, പോളിസി കാലഹപണപ്പെടൽ, ഇൻഷുറൻസ് രേഖയുടെയോ യാത്രാ രേഖയുടേയോ അഭാവം എന്നിവയും കമ്മിറ്റി വഴി പരിഹരിക്കാൻ സാധിക്കും.